തെന്നിന്ത്യൻ താര ദന്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമാണ് മജിലി. ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തി. വിവാഹശേഷം വീണ്ടും കാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരങ്ങൾ. വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിലേതെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നു.
നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു. കാമുകനായ നാഗ ചൈതന്യയെക്കാളും ഭർത്താവായ നാഗചൈതന്യയെയാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നത്. ഞങ്ങൾ ഒരു പ്രണയകഥ ചെയ്യുകയാണെങ്കിൽ ഇനി വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്തരത്തിലുളള ഒരു ഘട്ടത്തിൽ നിന്ന് മാറിക്കഴിഞ്ഞു. എങ്ങനെയാണ് സ്നേഹം ആൾക്കാരെ തമ്മിലിണക്കുന്നത് അതുപോലെ തന്നെ വിഷമവും രണ്ടുപേരെയും കരുത്തരാക്കും. എന്നെ സംബന്ധിച്ച് സ്നേഹവും വിഷമങ്ങളുമെല്ലാം ബന്ധത്തെ കൂടുതൽ കരുത്താക്കുകയാണ് ചെയ്യുന്നത്- സാമന്ത പറഞ്ഞു.
ചിത്രത്തിൽ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. പ്രണയം എവിടെയുണ്ടോ അവിടെ വേദനയും ഉണ്ടാകും എന്ന ടാഗ്ലൈനിലാണ് ചിത്രം എത്തുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം. തെലുങ്ക് റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം.