റെനീഷ് മാത്യു
കണ്ണൂർ: പ്രതിഷേധ സമരങ്ങൾക്ക് സാമൂഹ്യ അകലം പാലിക്കാത്ത സംഭവത്തിൽ പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാംഘട്ട ലോക്ക് ഡൗൺ ഇളവുകളിൽ ആൾക്കൂട്ട രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നിലവിൽ ഇളവുകൾ അനുവദിച്ചിട്ടില്ല.
എന്നാൽ, കേരളത്തിൽ രാഷ്ട്രീയപാർട്ടികളുടെ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ ലോക്ക്ഡൗൺ ലംഘനമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നു. നേരത്തെ സാമൂഹ്യ അകലം പാലിച്ച് അഞ്ചിനും പത്തിനും ഇടയിൽ ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരങ്ങൾ പോലീസുമായി സംഘർഷത്തിൽവരെ കലാശിച്ചു. അൻപതോളം പേർ വരുന്ന സമരക്കാരായിരുന്നു ദേവിക എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ അണിനിരന്നത്.
കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പോലീസുകാരും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സാമൂഹ്യ അകലം പാലിക്കാതെയുള്ള ഇത്തരം പ്രതിഷേധങ്ങൾക്കെതിരേ പകർച്ചവ്യാധി നിയമ പ്രകാരം കേസെടുക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പോലീസുകാർക്ക് അടക്കം കോവിഡ് ബാധിച്ച് പോലീസ് സ്റ്റേഷൻ അടക്കം പൂട്ടിയിടേണ്ട സാഹചര്യം വന്നിരുന്നു.
മാസ്കും ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും നടത്തുന്ന പ്രതിഷേധങ്ങളെ നേരിടുന്ന കാര്യത്തിൽ പോലീസിലും ആശങ്കയിലാണ്. അതിനാൽ സമരക്കാരെ നിയമത്തിലൂടെ നേരിടാനുള്ള തയാറെടുപ്പിലാണ് പോലീസ്.