കടുത്തുരുത്തി: കോവിഡ് മൂലം കടബാദ്ധ്യതകള്‍ നേരിടുന്ന സാധരണക്കാരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ടു ജനകീയ പ്രതികരണവേദി പ്രതീകാത്മക തൂക്കുകയര്‍ സമരം നടത്തി. കടുത്തുരുത്തി ജംഗ്ഷനില്‍ നടന്ന സമരത്തിന് ജനകീയ പ്രതികരണവേദി കോര്‍ഡിനേറ്റര്‍ ടി.എം. രാജു തെക്കേക്കാലായില്‍ നേതൃത്വം നല്കി.
കേരളത്തിലെ വ്യാപാരികള്‍, വ്യവസായികള്‍, ടാക്സി, ബസ് ഉടമകള്‍, സ്വകാര്യ കമ്പനി ജീവനക്കാര്‍, ജോലി നഷ്ടപ്പെട്ട് നാട്ടിലുള്ള പ്രവാസികള്‍ എന്നിവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ലോണുകളുടെ തിരിച്ചടവാണ്.
ഇവരുടെ ഭവനലോണ്, വാഹനലോണ്‍, ബിസിനസ് ലോണ്‍ എന്നിവയുടെ തിരിച്ചടവ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനെതിരെ ബാങ്കുകള്‍ നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണ്.
എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഒരുവിധം കരകയറിയതിനാല്‍ കേന്ദ്ര സര്‍ക്കാരോ, റിസര്‍വ് ബാങ്കോ ഈ കാര്യത്തില്‍ ഇടപെടാനോ, മോറിട്ടോറിയമോ മറ്റെന്തെങ്കിലും സഹായങ്ങളോ പ്രഖ്യാപിക്കാനോയുള്ള സാധ്യതകളില്ലെന്ന് സമരക്കാര്‍ പറയുന്നു.
എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇവിടുത്തെ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് സമരക്കാരുടെ ആവശ്യം.
സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ പ്രശ്നമുന്നയിച്ചു പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.
കേരളത്തെ കോവിഡ് ദുരന്ത മേഖലയായി പ്രഖ്യാപിച്ചു മോറിട്ടോറിയം അടക്കമുള്ള സഹായ പദ്ധതികള്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ നേരിടേണ്ടി വരിക അതിദാരുണമായ അവസ്ഥയായിരിക്കുമെന്നും ജനകീയ പ്രതികരണവേദി കോര്‍ഡിനേറ്റര്‍ ടി.എം. രാജു പറഞ്ഞു.