സ്വന്തം ലേഖകൻ
തൃശൂർ: ശബരിമല സമരം അപമാനമായെന്നു ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. ഇതിനെതിരെ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ എഴുന്നേറ്റതോടെ സമരത്തച്ചൊല്ലി ഇരുവിഭാഗവും ചേരി തിരിഞ്ഞു വാദിച്ചു. നിരാഹാര സമരം ഫലം കാണാതെ നിർത്തേണ്ടിവന്നതിനെയും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി.
സമരത്തോടു സഹകരിക്കാതെ മാറിനിന്നിരുന്ന വി.മുരളീധരൻ വിഭാഗമാണ് അതിരൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയത്. എന്നാൽ മുരളീധരൻ പക്ഷത്തെ തള്ളി, സമരം മികച്ചതായിരുന്നുവെന്നും സംഘടന ചലനാത്മകമായി എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയെ പിന്തുണച്ച് കൃഷ്ണദാസ് മറുപടി നൽകി. സെക്രട്ടേറിയറ്റ് നടയിലെ സമരപ്പന്തലിൽ സമരം വേണ്ടത്ര വിജയിച്ചില്ലെന്ന ശ്രീധരൻപിള്ളയുടെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരൻ വിഭാഗത്തിന്റെ വിമർശനം.
തൃശൂരിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോർ കമ്മിറ്റിയിലാണ് ശബരിമല സമരത്തിന്റെ പേരിൽ നേതാക്കൾ ചേരി തിരിഞ്ഞു വാദിച്ചത്. ശബരിമല സമരത്തിനുശേഷം ഇതാദ്യമായാണ് കോർ കമ്മിറ്റി യോഗം ചേരുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്നും, യാതൊരു ഗുണവും ഉണ്ടാക്കിയില്ലെന്നുമാണ് മുരളീധരൻ പക്ഷം കുറ്റപ്പെടുത്തിയത്. ജനങ്ങൾക്കു മുന്നിൽ ബിജെപിയെ അപഹാസ്യരാക്കാനാണ് സമരം ഉപകരിച്ചതെന്നും ഇവർ തുറന്നടിച്ചു.
എന്നാൽ, സമരം വൻ വിജയമായിരുന്നെന്ന നിലപാടുമായി ശ്രീധരൻപിള്ളയും രംഗത്തുവന്നു. തെരഞ്ഞെടുപ്പുചർച്ചയിലും ശ്രീധരൻപിള്ളയുടെ അഭിപ്രായത്തെ തള്ളി മുരളീധരൻ പക്ഷം നിലപാടെടുത്തു. സ്ഥിരം സ്ഥാനാർഥിമുഖങ്ങളായ ജനറൽ സെക്രട്ടറിമാർ മാറിനില്ക്കണമെന്നും, അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവർക്കു പരിഗണന നല്കണമെന്നുമുള്ള ശ്രീധരൻപിള്ളയുടെ നിലപാടിനെയാണ് എതിർത്തത്.
ബിഡിജെഎസിനു സീറ്റുകൾ നല്കുന്നതു സംബന്ധിച്ചും ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ല. എട്ടു സീറ്റുകൾ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം തുടക്കത്തിൽതന്നെ തള്ളി. എട്ടുസീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റിൽ മത്സരിക്കാനുള്ള ആളുണ്ടോയെന്ന് ആദ്യം നോക്കണമെന്നായിരുന്നു പല നേതാക്കളുടെയും വിമർശനം. ആറു സീറ്റുകൾ നല്കാമെന്ന ശ്രീധരൻപിള്ളയുടെ നിലപാടും നേതാക്കൾ അംഗീകരിച്ചില്ല.
നാലു സീറ്റുകൾ നല്കാമെന്നും അതിൽതന്നെ ബിജെപിക്കു നിർണായകമായ സീറ്റുകൾ അനുവദിക്കാനാവില്ലെന്നും നേതാക്കൾ നിലപാടെടുത്തു. ആലത്തൂർ, ഇടുക്കി, ആലപ്പുഴ, കോഴിക്കോട് സീറ്റുകളാണ് ബിഡിജെഎസിനു നല്കാൻ ധാരണയായിരിക്കുന്നത്. പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാനാവില്ലെന്ന നിലപാട് അംഗങ്ങളെടുത്തു.
വിജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികളും, യുവമോർച്ച സംസ്ഥാന സമ്മേളനവും കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തു. ഭാരവാഹിയോഗവും പാർലമെന്റ് മണ്ഡലം ഭാരവാഹികളുടെ യോഗവും നടന്നു.