തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന നേതാവ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സത്യാഗ്രഹപന്തലിന് സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ദേഹത്ത് തീ കൊളുത്തി ആത്മാഹുതി നടത്തിയത്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്നും ശരണം വിളിച്ച് കൊണ്ടാണ് അദ്ദേഹം ദേഹത്ത് തീ കൊളുത്തിയതെന്നും ബിജെപി നേതാക്കളും പ്രവർത്തകരും ആരോപിച്ചിരുന്നു.
സത്യാഗ്രഹ പന്തലിലേക്ക് ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും അഭിവാദ്യം അർപ്പിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.