തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇടതു നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ സർക്കാർ നീക്കം.
പിഎസ്സി പരീക്ഷാ തട്ടിപ്പിലും യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലും ഉൾപ്പെട്ട എസ്എഫ്ഐ നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളും ഇതിൽ ഉൾപ്പെടുന്നു.
കേസുകൾ പിൻവലിക്കുന്നതിനായി അൻപതോളം അപേക്ഷകളാണ് തിരുവനന്തപുരം ചീഫ്ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലുമായി സമർപ്പിച്ചിരിക്കുന്നത്.
പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ, അനുമതിയില്ലാതെ സമരം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് കൂട്ടത്തോടെ പിൻവലിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലും പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലും പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും എതിരായ കേസുകളും പിൻവലിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
തലസ്ഥാന നഗരത്തിൽ ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പിടികൂടിയതിന്റെ പേരിൽ പോലീസ് ജീപ്പ് അടിച്ചുതകർത്തതിന് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് നസീം.
സമരത്തിൽ പങ്കെടുക്കാത്തതിന് യൂണിവേഴ്സിറ്റി കോളജിലെ ഒരു വിഭാഗം വിദ്യാർഥികളെ ആക്രമിച്ചതിന് കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ശിവരഞ്ജിത്ത്.
ഈ കേസുകൾ ഉൾപ്പെടെ പിൻവലിക്കുന്നതിനുള്ള അപേക്ഷകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നസീമിനെതിരായ പൊതുമുതൽ നശീകരണ കേസ് പിൻവലിക്കണമെന്ന ആവശ്യം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
അൻപതോളം അപേക്ഷകളിലൂടെ നൂറിലധികം കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ നിയമസഭയിലെ കൈയാങ്കളി കേസും പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയിൽനിന്ന് സർക്കാരിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.