നെന്മാറ: മംഗലംഡാം കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികള്‍ക്കു ഭൂമി ലഭിക്കുന്നതിനു നടപടിയെ–ടുക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ.ഡി.പ്രസേനന്‍ എംഎല്‍എ. ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് പ്രതികൂലമായ സാഹചര്യത്തില്‍ കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ഭൂമിക്കായി സമരം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ച് ഭൂമി നല്കുന്നതിനായി പ്രതിഷേധ ധര്‍ണ നടത്തിയത്. കെ.ഡി.പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ ചെന്താമരാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി, സിപിഎം വടക്കഞ്ചേരി ഏരിയാ സെക്രട്ടറി ടി.കണ്ണന്‍, സമരസമിതി നേതാക്കളായ രതീഷ്, രാജു, മണികണ്ഠന്‍, ഊരുമൂപ്പന്‍ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാടിനെ സംരക്ഷിച്ച് നാടിന്റെ നന്മ കാത്തുസൂക്ഷിച്ച ആദിവാസി സമൂഹത്തിനു ഭൂമി നല്കരുതെന്ന മുന്‍ ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ഇതിനാല്‍ താമസസ്ഥലത്തുനിന്നും ഇറങ്ങിപ്പോകരുതെന്നും ഭൂമി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കടപ്പാറ ആദിവാസി ഭൂസമരസമിതി നടത്തിയ നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ പറഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് ആദിവാസികളായ ഇവര്‍ സ്വന്തം ഭൂമി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. ഇരുപതു കുടുംബങ്ങള്‍ക്ക് 60 സെന്റ് വനഭൂമി പതിച്ചുനല്കാന്‍ വനം, റവന്യൂ, പട്ടികവര്‍ഗ വകുപ്പ് അധികൃതര്‍ തീരുമാനിച്ചെങ്കിലും ഭൂമി നല്കാനായി വനം, റവന്യൂവകുപ്പ് മന്ത്രിമാര്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍ തടസങ്ങളുമായി വനംവകുപ്പ് രംഗത്തെത്തുകയായിരുന്നു. സിപിഎം മംഗലംഡാം ലോക്കല്‍ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും സജീവന്‍ നന്ദിയും പറഞ്ഞു.