തിരുവനന്തപുരം: കേരളത്തിലെ സഹകരണ സംഘങ്ങളിലുള്ളത് സാധാരണക്കാരുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റിസര്‍വ് ബാങ്കിന് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുടുംബത്തിലെ ജനനം മുതല്‍ മരണം വരെയുള്ള ആവശ്യങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ പ്രയോജനപ്പെടുന്നുണ്ട്. കള്ളപ്പണം തടയാന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടി സമചിത്തതയോടെയുള്ളതല്ല. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ കേരള ജനത ഒറ്റക്കെട്ടായി ഈ സമരത്തില്‍ അണിനിരക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണ മേഖലയെ യശസോടെ നിലനിര്‍ത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ 10 ഓടെയാണ് റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹം തുടങ്ങിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രകടനമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള സംഘം റിസര്‍വ് ബാങ്കിന് മുന്നിലെത്തിയത്. ധാരാളം പ്രവര്‍ത്തകരും മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രി സമരത്തില്‍ പങ്കെടുക്കുന്നത്.
റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ സമരപന്തലിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്ക്്, മന്ത്രിമാരായ കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി ഉള്‍പ്പെടെയുള്ള മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖരും സമരത്തില്‍ അണിനിരന്നു.
അതേസമയം കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹകരണ മേഖലയെ തകര്‍ത്ത് ന്യുജനറേഷന്‍ ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് സഹകരണ ബാങ്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി സമരം നടത്തുമെന്ന് മന്ത്രി എ.കെ.ബാലനും അഭിപ്രായപ്പെട്ടു. സഹകരണ മേഖലയില്‍ ബിജെപിക്ക് കടന്ന് കയറാന്‍ പറ്റാത്തതിലുള്ള അസന്തുഷ്ടിയാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള രാഷ്ര്ടീയ ഗൂഢാലോചനയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യത പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകള്‍. കര്‍ഷകരുടെയും സാധാരണക്കാരുടെയും നിക്ഷേപമാണ് അവിടെയുള്ളതെന്നും ബാലന്‍ പറഞ്ഞു.