മയ്യിൽ: നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ആണ്ട് നേർച്ചയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രം ഭാരവാഹികൾ അരി സമർപ്പണം നടത്തി. എല്ലാ വർഷവും ക്ഷേത്രത്തിലെ ഉത്ര വിളക്കുത്സവത്തിന് മസ്ജിദ് കമ്മിറ്റി പഞ്ചസാര കുടം സമർപ്പിക്കാറുണ്ടെങ്കിലും കൊവിഡ് ലോക്ഡൗണായതിനാൽ കഴിഞ്ഞ തവണ ചടങ്ങുകൾ നടന്നിരുന്നില്ല.
എന്നാൽ ഇക്കുറി ക്ഷേത്ര ഭാരവാഹികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അരി സമർപ്പണം ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു. 27 ന് നടക്കുന്ന ക്ഷേത്രോത്സവത്തിനുള്ള പഞ്ചസാര കുടം സമർപ്പണവും ഇക്കുറി ജുമാ മസ്ജിദ് ഭാരവാഹികൾ നടത്തും.
ജുമാ മസ്ജിദിലെത്തിയ ക്ഷേത്ര ഭാരവാഹികളെ ഒ.പി. മൂസാൻ ഹാജി, പി. അബ്ദുൾ ലത്തീഫ്, കെ.എൻ. മുസ്ഥഫ, കെ.ടി. ഖാലിദ് ഹാജി, സി.പി. മായിൻ ഹാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.ടി. മൂസാൻ ഹാജിയിൽ നിന്ന് എൻ. രാധാകൃഷ്ണൻ, എ.വി. നാരായണൻ, പി.പി. രാജീവൻ, എൻ.വി. ലതീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.