കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പരസ്യം വന്നത് സമസ്ത അണികൾക്കിടയിൽ വ്യാപക വിമർശത്തിനിടയായിരുന്നു. മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി.
തുടർന്നു ചില സമസ്ത നേതാക്കളുടെ എല്‍ഡിഎഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എല്‍ഡിഎഫ് പരസ്യം വന്നത്.
മലബാറില്‍ സമസ്ത സിപിഎമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ദിവസങ്ങളുടെ ഇടവേളയില്‍ പ്രചരണപരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ താങ്ങും തണലുമായി ഇടതുപക്ഷം എന്നതാണ് പരസ്യ വാചകം. വടകര സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പരസ്യവും ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമസ്ത പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് വീണ്ടും വലിയ ചർച്ചയായിട്ടുണ്ട്.