സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിനും മോണോ ആക്ടിനുമെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത്.
സ്കൂള്‍ യുവജനോത്സവത്തില്‍ സ്വാഗതഗാനത്തിലും പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ടിലും ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി കൂടത്തായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
കാവിച്ചുവപ്പ് പാഷാണം പട്ടില്‍ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കലാവിഷ്കാരം*
സ്കൂള്‍ യുവജനോത്സവത്തില്‍: ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്…. കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണ്.
നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികളില്‍ അപര മത വിദ്വേശവും വെറുപ്പിന്റെ കാവി ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജില്‍ ഛര്‍ദ്ദിക്കുന്നത്.
ചാട് രാമകുഞ്ചിരാമ എന്ന മട്ടില്‍ കുട്ടികളെ പരിശീലിപ്പിച്ച് റിമോള്‍ട്ട് ചങ്ങലയില്‍ അവരെ കളിപ്പാവയും കളിക്കുരങ്ങുമായി കളിപ്പിക്കുകയാണ്.
ആശയത്തിന്റെ കലാവിഷ്കാരങ്ങളാവാം, ആവിഷ്കാരസ്വാതന്ത്ര്യവുമാവാം. പക്ഷേ അന്യന്റെ മേക്കിട്ട് കയറുന്നതാവരുത്. ഭീകരവാദത്തിന്റെ പ്രതീകങ്ങളായി അമ്പും വില്ലും കുലച്ചിരിക്കുന്ന ഇതിഹാസ നായകരെ അവതരിപ്പിച്ചാലും ചെറുക്കപ്പെടേണ്ടതാണ്.
കലാരൂപങ്ങളില്‍ അന്യന്റെ മാനം പറിച്ചു കീറുന്നവര്‍ ഭീകര രൂപങ്ങളായി സംഘി നേതാക്കളുടെ രൗദ്രതയോ സ്ത്രീത്വത്തെ പച്ചക്ക് പിച്ചിചീന്തിയ രാഷ്ട്രീയ നേതാക്കളേയോ ‘സ്വപ്ന ‘ സേവകരേയോ സ്റ്റേജില്‍ അവതരിപ്പിച്ചാല്‍ കാവി ചോപ്പ് രാഷ്ട്രീയം എത്ര ഇളകി മറിഞ്ഞ് മലിനമാക്കുമായിരുന്നു, വേദികളിലേക്ക് പ്രതിഷേധ മാര്‍ച്ചുകളുടെ പ്രവാഹവുമാകുമായിരുന്നു എന്നും ആര്‍ക്കുമറിയാം.
വിശ്വാസവും മാനവും എല്ലാവര്ക്കും വലിയതാണെന്ന് അധികാര വര്‍ഗ്ഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടില്‍ പൊതിഞ്ഞ് സ്റ്റേജിലെ റിയുന്ന കുരുട്ടു ബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണം.
നാസര്‍ ഫൈസി കൂടത്തായി