കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള വഴിതെളിയുന്നു. അടുത്തമാസം ഒന്നോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് വച്ച് ലീഗ-സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാരത്തിനു തീരുമാനമായത്.
പരമോന്നത പണ്ഡിതസഭയായ മുശാവറയില്‍നിന്ന് പ്രമുഖ മതപണ്ഡിതനും ലീഗ് അനുകൂലിയുമായ മുസ്തഫല്‍ ഫൈസിയെ അടുത്തിടെ പുറത്താക്കിയിരുന്നു. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യം ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗത്തിലെയും പ്രമുഖനേതാക്കളെ പങ്കെടുപ്പിച്ച് മാര്‍ച്ച് ഒന്നിന് അനുരഞ്ജന ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സമസ്തയുടെ ഭാഗത്തുനിന്ന് പ്രസിഡന്റ് ജിഫ്രി തങ്ങള്‍, ട്രഷറര്‍ ഉമര്‍ മുസ്ലിയാര് കൊയ്യോട്, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് എന്നിവരും ലീഗിനെ പ്രതിനിധീകരിച്ച് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏറെനാളായി തുടരുന്ന ഭിന്നതയ്ക്കിടെ സമസ്ത കേന്ദ്ര മുശാവറയില്‍നിന്ന് മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ രുക്ഷമായത്. സമസ്ത നേതൃത്വത്തെയും ജിഫ്രി തങ്ങളെയും വിമര്‍ശിച്ചതിനാണ് മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തത്. മലപ്പുറത്ത് നടന്ന സമസ്തയുടെ പരിപാടിയിലായിരുന്നു മുസ്തഫല്‍ ഫൈസിയുടെ പരാമര്‍ശം.