കോൽക്കത്ത: പശ്ചിമബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസി(എഐ)നെ പ്രചാരണായുധമാക്കി സിപിഎം. സമത്വം എന്നർഥം വരുന്ന “സമത’ എന്ന എഐ അവതാരകയെയാണ് പ്രചാരണ വാർത്തകളും മറ്റ് കാര്യങ്ങളും പ്രചരിപ്പിക്കുന്നതിനായി സിപിഎം ഉപയോഗിക്കുന്നത്.
ജനങ്ങൾക്കു പറയാനുള്ളത് പുറത്തുകൊണ്ടുവരാൻ തങ്ങൾ നിർമിതബുദ്ധി ഉപയോഗിക്കുകയാണെന്ന് സിപിഎം നേതാവ് സമിക് ലാഹിരി പറഞ്ഞു. ഇപ്പോൾ ബംഗാളി മാത്രം സംസാരിക്കുന്ന സമത വൈകാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും കൈകാര്യം ചെയ്യും.
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും കംപ്യൂട്ടർവത്കരണം ഇന്ത്യയിൽ കടന്നുവന്നപ്പോൾ സിപിഎം അതിനെ എതിർത്തിരുന്നു. എന്നാൽ സിപിഎമ്മിനെതിരായ അത്തരം ആരോപണങ്ങൾ ദുരുദ്ദേശ്യപരമായിരുന്നെന്നും സിപിഎം ഒരിക്കലും കംപ്യൂട്ടർവത്കരണത്തെ എതിർത്തിട്ടില്ലെന്നും സമിക് ലാഹിരി വ്യക്തമാക്കി.