കോഴിക്കോട്: രാഷ്ട്രീയമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ മുസ് ലിം സമുദായവുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിപിഎമ്മിന് ഓര്‍ക്കാപ്പുറത്തെ അടിയായി സമസ്ത നേതാവിന്റെ മിശ്രവിവാഹപരാമര്ശം.
സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിനെതിരേ സിപിഎം നേതാക്കള്‍ വളരെ സൂക്ഷിച്ചാണ് അഭിപ്രായപ്രകടനം നടത്തുന്നത്.
മുസ് ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നുവെന്നും ഹിന്ദു-മുസ് ലിം വിവാഹം നടന്നാൽ മതേതരമായെന്നാണ് അവർ കരുതുന്നതെന്നും ഇതിനെതിരേ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നുമാണ് നാസർ ഫൈസി പറഞ്ഞത്.
മുസ് ലിം ലീഗ് പങ്കെടുക്കാതിരുന്ന സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്ഢ്യറാലിയിലും നവകേരള സദസിലും സമസ്തനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തതിനാൽ സമസ്തയുമായി നല്ല ബന്ധം പുലര്‍ത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് ഇത് വലിയ തിരിച്ചടിയായി.
എന്നാൽ, സമസ്തയുടെ കടുത്തഭാഷയിലുള്ള വിമർശനം വന്നിട്ടും സിപിഎം നേതാക്കൾ മൃദുവായാണു പ്രതികരിച്ചത്. ഫൈസി കൂടത്തായി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു സിപിഎം നേതാവ് ഇ.പി. ജയരാജന്റെ പ്രതികരണം.
പരാമർശം വിവാദമായതോടെ തട്ടിക്കൊണ്ടു പോകും എന്നല്ല പ്രണയം നടിച്ച് വശത്താക്കി വിവാഹം ചെയ്യുമെന്നാണ് ഉദ്ദേശിച്ചതെന്ന് നാസർ ഫൈസി തിരുത്തിയിരുന്നു. നവകേരളസദസിനിടെ പുതിയൊരു വിവാദത്തിനുകൂടി മറുപടി പറയേണ്ട അവസ്ഥയിലാണ് സിപിഎം നേതാക്കള്‍.