അഖിൽ മുരളീധരൻ
കൂർക്കഞ്ചേരി(തൃശൂർ): റഷ്യയിൽ സാംബാ ലഹരി നിറയുന്പോൾ ഇവിടെ തൃശൂരിൽ സാംബാ സാലിയാണ് നഗരവീഥികളിൽ നിറഞ്ഞാടുന്നത്. നാലുവർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനെ വരവേൽക്കാൻ പതിവുതെറ്റാതെ വടൂക്കര എസ്.എൻ.നഗർ സ്വദേശി സാംബാ സാലി അണിഞ്ഞൊരുങ്ങിയെത്തി. കടുത്ത ബ്രസീൽ ആരാധകനായ സാംബാ സാലി ബ്രസീലിന്റെ ജഴ്സിയുടെ നിറമുള്ള ജഴ്സിയെല്ലാം അണിഞ്ഞാണ് തന്റെ പര്യടനം നടത്തുന്നത്.
ബ്രസീൽ ടീമിന്റെ വിജയത്തിനായി ആവേശത്തോടെ ബ്രസീലിനു ജയ് വിളിച്ച് സാംബാ സാലി നാടും നഗരവും ചുറ്റും. കഴിഞ്ഞ ലോകകപ്പിനു കുതിരപ്പുറത്തും സൈക്കിളിലുമായാണ് സാംബാ സാലി നാടുചുറ്റിയത്. ഇത്തവണ ലോകകപ്പ് പ്രചാരണ പര്യടനം സ്കൂട്ടറിലാണ്. രാവിലെ ആരംഭിക്കുന്ന നാടുചുറ്റൽ രാത്രി ഏഴോടെയാണ് അവസാനിക്കുക.
ബ്രസീൽ ടീമിനോടുളള അടങ്ങാത്ത ആവേശം തന്റെ 62-ാം വയസിലും പ്രകടമാക്കുന്ന സാംബാ സാലി പുതുതലമുറയ്ക്ക് അത്ഭുതമാണ്. സാംബാ സാലിയുടെ സ്കൂട്ടർ മുഴുവൻ ബ്രസീൽ നിറത്തിലാണ്. ബ്രസീലിന്റെ കൊടിയും താരങ്ങളുടെ ചിത്രങ്ങളുമെല്ലാം പ്രചാരണവണ്ടിയിലുണ്ട്. ഇതൊന്നും പോരാഞ്ഞ് തന്റെ ഇഷ്ടതാരം നെയ്മറിന്റെ ഒരു കട്ടൗട്ടും സാംബാ സാലി തന്റെ സ്കൂട്ടറിൽ സ്ഥാപിച്ചിട്ടുണ്ട്.
പോരാത്തതിനു തലയിലൊരു പൂക്കുട്ടയും. കഴുത്തിൽ മഞ്ഞയും പച്ചയും ഇടകലർന്ന സ്റ്റൈലൻ മാലയും. ആവേശം കൂടുന്പോൾ ഉൗതാനായി വലിയൊരു പീപ്പിയുമുണ്ട് സാലിയുടെ കൈയിൽ. നാടുചുറ്റലിനിടെ കുട്ടികളെ കാണുന്പോൾ കൊടുക്കാനായി മഞ്ഞനിറമുള്ള ബലൂണുകളും കരുതും. സാലിക്കും സാലിയുടെ വണ്ടിക്കൊപ്പവും നിന്ന് സെൽഫിയെടുക്കാൻ ബ്രസീൽ ആരാധകർക്കും അല്ലാത്തവർക്കും പെരുത്തിഷ്ടം!!
പന്തുകളി മനസിൽ ഇടംപിടിച്ചതുമുതൽ ബ്രസീലാണ് സാലിയുടെ ഇഷ്ട ടീം. ബ്രസീലിലെ പല താരങ്ങളേയും ആരാധിക്കുന്ന സാലിക്ക് ഇപ്പോൾ ഇഷ്ടം നെയ്മറിനോട്. ബ്രസീൽ ഇത്തവണ കപ്പെടുക്കുമെന്നതിൽ സാലിക്ക് ഒരു സംശയവുമില്ല. വീടിനടുത്തു ബ്രസീൽ ടീമിന്റെ പടുകൂറ്റൻ ഫ്ളക്സും സാലി ഉയർത്തിയിട്ടുണ്ട്.
കാവടിനിർമാണവും പൂക്കൾനിർമിക്കലുമൊക്കെയായി പേരെടുത്ത സാലി വടൂക്കരക്കാർക്കു സുപരിചിതനാണ്. ഭാര്യ ആരിഫയും മക്കളായ അനീഷ്, അയൂബ്, സിംല എന്നിവരും സാലിയുടെ ബ്രസീൽ ആരാധനയ്ക്കു ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്.
ബ്രസീലിനുവേണ്ടി ജയ് വിളിച്ച് നാടുചുറ്റുന്ന സാംബാ സാലിക്ക് ഇനിയൊരു ആഗ്രഹമുണ്ട് – അടുത്ത ലോകകപ്പ് ഖത്തറിൽ നടക്കുന്പോൾ ബ്രസീൽ ടീമിന്റെ ഒരു മത്സരമെങ്കിലും നേരിട്ട് ഗ്രൗണ്ടിൽ ചെന്നു കാണണം…സാംബാ താളം അലയടിക്കുന്ന മൈതാനത്തു സാംബാ സാലിക്കും ആ ആവേശലഹരിയിൽ ഇളകിയാടണം….