ബെയ്ജിംഗ്: ആലിബാബയുടെ ഉടമ ജാക്ക് മാ ഇനി ചൈനയിലെ സന്പന്നരിൽ ഒന്നാമനല്ല, രണ്ടാമനാണ്. ജാക്ക് മായെ പിന്തള്ളി പുതിയ മാ ഒന്നാം സ്ഥാനത്തെത്തി. ഇന്റർനെറ്റ് കമ്പനിയായ ടെൻസെന്റിന്റെ ഉടമയാണ് പോണി മാ എന്ന മാ ഹ്വാടെംഗ്. കഴിഞ്ഞ ദിവസം ഫോബ്സ് പുറത്തുവിട്ട ചൈനയിലെ സന്പന്നരുടെ പട്ടികയിലാണ് ജാക്ക് മാ രണ്ടാം സ്ഥാനത്താണെന്ന വെളിപ്പെടുത്തലുണ്ടായത്.
പോണി മായ്ക്ക് 3,700 കോടി ഡോളറിന്റെ ആസ്തിയുള്ളപ്പോൾ ജാക്ക് മായ്ക്ക് 3,620 കോടി ഡോളറാണുള്ളത്. പോണി മായുടെ കമ്പനി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വീ ചാറ്റ് ആപ് വഴിയാണ്. 2011ൽ പുറത്തിറക്കിയ വീ ചാറ്റ് ആപ്പിന് ഇതുവരെ 93.80 കോടി സ്ഥിര ഉപയോക്താക്കളുണ്ട്.
വീ ചാറ്റിന് ചൈനയിൽ നേരിട്ട് ഏറ്റുമുട്ടേണ്ടിവരുന്നത് ആലിബാബയുടെ അലിപേ പേമെന്റ് ആപ്പിനോടാണ്. വീചാറ്റിന്റെ പേമെന്റ് സംവിധാനത്തിന് 60 കോടി ഉപയോക്താക്കളുള്ളപ്പോൾ അലിപേക്ക് 45 കോടി ഉപയോക്താക്കളാണുള്ളത്.