ചെന്നൈ: ചെന്നൈയിൽ സാമ്പാറിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പല്ലാവരം പമ്മൽ മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റസ്റ്ററന്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുൺ (30) ആണ് മരിച്ചത്. സംഭവത്തിൽ ശങ്കർ (55), മകൻ അരുൺ കുമാർ (30) എന്നിവർ അറസ്റ്റിലായി.
അച്ഛനും മകനും റസ്റ്ററന്റിലെത്തി ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പാഴ്സലിൽ വയ്ക്കാൻ അധിക സാമ്പാർ ആവശ്യപ്പെട്ടെങ്കിലും റസ്റ്ററന്റ് ജീവനക്കാർ തയാറായില്ല.
തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ അച്ഛനും മകനും ചേർന്ന് റസ്റ്ററന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. വഴക്ക് തടയാൻ ശ്രമിച്ചപ്പോഴാണ് അരുണിന് മർദനമേറ്റത്.
ബോധരഹിതനായ ഇയാളെ ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.