വടകര: അഴിയൂർ പഞ്ചായത്തിലെ കല്ലാമല യുപി സ്കൂളിൽ മൂന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂടുള്ള സാന്പാർ തെറിച്ച് പൊള്ളലേറ്റ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം. ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു.
ഭക്ഷണ പദാർഥങ്ങൾ കുട്ടികൾ ചുമക്കുന്നത് വിദ്യാലയങ്ങളിൽ വ്യാപകമാണെന്ന് കല്ലാമല യുപിയിലെ സംഭവം വ്യക്തമാക്കുന്നു. ചൂടേറിയ സാന്പാറാണ് കൊച്ചുകുട്ടിയായ മൂന്നാം ക്ലാസുകാരനെ ചുമക്കാൻ ഏൽപിച്ചത്. മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോവുന്പോൾ സാന്പാർ തെറിച്ച് ദേഹത്ത് പൊള്ളലേൽക്കുകയായിരുന്നു.
ചെവിക്കും നെഞ്ചിനും കഴുത്തിനുമാണ് പൊള്ളലേറ്റത്. വലതുകൈക്കും പൊള്ളലേറ്റു. യഥേഷ്ടം അധ്യാപകരുള്ള വിദ്യാലയത്തിലാണ് ഇത്തരമൊരു സംഭവം. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കു ശേഷം വീട്ടിൽ എത്തിക്കുകയും ചെയ്തിരിക്കുകയാണ്.
പ്രശ്നം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ പരമാവധി ശ്രമിച്ചു. ഇക്കാരണത്താൽ ഉത്തരവാദപ്പെട്ടവർക്ക് പരാതി നൽകാൻ വൈകി. എങ്കിലും പിന്നീട് ചൈൽഡ് ലൈൻ അധികൃതർക്കു പരാതി കിട്ടി. റവല്യൂഷണറി യൂത്ത് ചോന്പാല എഇഒവിനു പരാതി നൽകി.
ഇവർ നടപടിയെടുക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം ചോന്പാല പോലീസിൽ രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും വന്നു പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.സംഭവം രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പഠനത്തിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണെങ്കിലും ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടികളെ ഇത്തരം പ്രവൃത്തികൾ ഏൽപിക്കരുതെന്നും ഇവർ പറഞ്ഞു. അതേസമയം തങ്ങളുടെ ഭാഗത്ത് ജാഗ്രതക്കുറവും അശ്രദ്ധയും സംഭവിച്ചിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം.