എസ്.ആർ. സുധീർകുമാർ
കൊല്ലം: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അനിയന്ത്രിതമായി തുടരുന്നു. കൊല്ലം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 100-ൽ അധികമായാണ് കടന്നു പോകുന്നത്.
ഇന്നലെ 133 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1317 ആയി ഉയർന്നു.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 119 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
വിദേശത്ത് നിന്ന് എത്തിയ ഏഴുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഇതര സംസ്ഥാനക്കാരും രോഗബാധിതരായി. ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിതറയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് ഇവർ.
നാലുപേർക്ക് എവിടുന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ഇന്നലെ മാത്രം 54 പേർ രോഗമുക്തരായി എന്ന ആശ്വാസവുമുണ്ട്. രോഗം ഭേദമായവരുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
രോഗം സ്ഥിരീകരിച്ചവരിൽ 704 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 8500 ആണ്. വീട്ടു നിരീക്ഷണത്തിൽ നിന്ന് ഇന്നലെ മാത്രം 730 പേരെ ഒഴിവാക്കി. പുതുതായി 1117 പേരെ ഹോം ക്വാറന്റൈനിലും 87 പേരെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഇതുവരെ 24604 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ മാത്രം 1708 സ്രവങ്ങൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിൽ 4979 പേരും രണ്ടാം സമ്പർക്കത്തിൽ 1691 പേരും ഉണ്ടന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ 5000 പേരുടെ പരിശോധനാ ഫലം വരാനുണ്ടന്നാണ് അനൗദ്യോഗിക സൂചനകൾ. ഇതു കൂടി വരുന്നതോടെ കൊല്ലത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീരദേശ മേഖലയായ ആലപ്പാട്, ചവറ എന്നിവിടങ്ങളിലും കിഴക്കൻ മേഖലയിലെ അഞ്ചൽ, ചടയമംഗലം, തലച്ചിറ എന്നിവിടങ്ങളിലുമാണ് രോഗവ്യാപനം കൂടുതലായിട്ടുള്ളത്.
അതേ സമയം പരവൂർ നഗരസഭാ പ്രദേശത്ത് ഇന്നലെ വൈകുന്നേരത്തോടെ ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ ഒരു ക്ഷേത്ര പൂജാരിയും തടി വ്യാപാരിയും ഉൾപ്പെടുന്നു. ഇവരിൽ നാലുപേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്.
പൂജാരി അടക്കമുള്ളവരുടെ യാത്രാ പഥവും സമ്പർക്ക പട്ടികയും അധികൃതർ തയാറാക്കി വരികയാണ്. കൊല്ലം സിറ്റി പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേരളാ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 93 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം അവഗണിച്ചതിന് 330 പേരിൽനിന്നും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും,സാമൂഹിക അകലം പാലിക്കാത്തതിനുമായി 95 പേരിൽനിന്നും പിഴ ഈടാക്കി.
ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് 57 കടയുടമകൾക്കെതിരേയും നടപടി സ്വീകരിച്ചു. കൊട്ടാരക്കര: നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
85 പേരെ അറസ്റ്റ് ചെയ്തു. 66 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 66 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.