എക്സ്എംപി ബോർഡ് വച്ച കാറിന്റെ പേരിൽ തനിക്കെതിരേ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി മുൻഎംപി എ. സമ്പത്ത്. ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നതെന്നും പ്രചരിപ്പിക്കുന്നവർ അത് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പഠനോപകരണങ്ങളുടെ വിതരണത്തിനിടെയാണ് തനിക്കെതിരെ ഉണ്ടായ പ്രചരണങ്ങൾക്കെതിരെ മുൻ എംപി പ്രതികരിച്ചത്. തന്റെ പേരിൽ അഴിമതിയും പെണ്‍വാണിഭ കേസുകളും ഉണ്ടെന്ന് പ്രചരിപ്പിക്കാത്തതിൽ സന്തോഷമെന്നും സമ്പത്ത് പറഞ്ഞു.
സമ്പത്തിന്റേതെന്ന പേരിൽ എക്സ് എംപി ബോർഡ് വച്ച കാറിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയവർ ഈ കാറിന്റെ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് സിപിഎമ്മിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ എത്രത്തോളം പാർലമെന്ററി വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരാണെന്ന് തെളിയിക്കുന്നതാണത് എന്നാണ് ബൽറാം ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിട്ടത്. എന്നാൽ പിന്നീട് ബൽറാം ഈ പോസ്റ്റ് പിൻവലിച്ചു.
ഇത്തരത്തിലുള്ള ബോർഡുമായി ഇതുവരെയും താൻ യാത്ര ചെയ്തിട്ടില്ലെന്നാണ് വിവാദമുണ്ടായപ്പോൾ സമ്പത്തിന്റെ വിശദീകരണം. ഈ ചിത്രം വ്യാജമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.