ലക്നൗ: ഉത്തർപ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ വർഗീയസംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദ് ഹസൻ, സമദ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരെയും നഖസ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, നവംബർ 24ന് സർവേയെ എതിർക്കാൻ പള്ളിക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ തങ്ങൾ ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
2024 നവംബർ 19ന് ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹർജിയെത്തുടർന്നാണ് സംഘർഷം ഉണ്ടായത്.
ഹർജിക്ക് പിന്നാലെ നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനയ്ക്കിടെ കല്ലേറുണ്ടാവുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.