സ്വന്തം ലേഖകന്‍
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച, 30 കോടി രൂപ മൂല്യമുള്ള 4.9 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി ലക്ഷ്യം വച്ചത് കോഴിക്കോട് നഗരം.
കോഴിക്കോട് നഗരത്തിലെ കുതിരവട്ടത്തിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിലായിരുന്നു സാംബിയയില്‍ നിന്നുള്ള ബിശാലാ സോകോ(40) താമസിക്കാന്‍ തീരുമാനിച്ചത്.
താമസസ്ഥലം സ്വമേധയാ തെരഞ്ഞെടുത്തതാണെന്നും മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുമ്പാകെ യുവതി വെളിപ്പെടുത്തിയത്.
എന്നാല്‍, ഇക്കാര്യം പരിശോധിച്ചു വരികയാണ്. ആഫ്രിക്കന്‍ യുവതി കുതിരവട്ടത്തെ അപ്പാര്‍ട്ട്മെന്റ് തെരഞ്ഞെടുക്കാനുള്ള കാരണവും ദുരൂഹമാണ്.
ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ വിദേശ ലഹരി മാഫിയ വേരിറക്കുന്നതില് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്.
2016 ല്‍ എട്ടുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പശ്ചിമ ആഫ്രിക്കന്‍ സ്വദേശിയെ കൊച്ചിയില്‍ പിടികൂടിയിരുന്നു.
ജൂഡി മിച്ചല്‍ എന്നയാളെയാണ് പിടികൂടിയത്. പ്രാദേശിക ഫുട്ബോള്‍ കളിക്കാരന് എന്ന പേരിലായിരുന്നു ഇയാള്‍ എത്തിയത്. ആര്‍ക്കുവേണ്ടിയാണ് ലഹരി എത്തിച്ചതെന്ന് കണ്ടെത്താന്‍ അന്ന് സാധിച്ചിരുന്നില്ല.
ദുരൂഹതയേറിയ യാത്ര...
കിലോഗ്രാമിന് ആറരക്കോടി രൂപ മൂല്യമുള്ള ഹെറോയില്‍ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം 26 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് നഗരത്തിലെ അപ്പാര്‍ട്ട്മെന്റ് തെരഞ്ഞെടുത്തത് ആരുടെ നിര്‍ദേശാനുസരണമാണെന്നത് അന്വേഷിച്ചുവരികയാണ്.
കോഴിക്കോടുമായി അടുപ്പമുള്ളയാളുകള് ഇതിനു പിന്നിലുണ്ടെന്ന സംശയത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. ബൈപാസിനോടു ചേര്‍ന്നു നിരവധി ലക്ഷ്വറി ഹോട്ടലുകളും അപ്പാര്‍ട്ട്മെന്റുകളുമുണ്ട്.
ഇവിടെയൊന്നും താമസസ്ഥലം തെരഞ്ഞെടുക്കാതെ ബൈപാസില്‍നിന്നു മാറി കിലോമീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാന്‍ തീരുമാനിച്ചതില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
നേരത്തെയും എത്തി !
ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്നിന്നു യുവതി ഇതിന് മുമ്പും ഇന്ത്യയില്‍ എത്തിയിരുന്നതായി ഡിആര്‍ഐക്കു വിവരം ലഭിച്ചു.
സ്ഥിരമായ ഹെറോയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സോകോ എന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. കേരളത്തില്‍ ആദ്യമായാണ് എത്തിയതെന്നാണ് വിവരം.
കാരിയറായി പ്രവര്‍ത്തിക്കുന്ന യുവതിയക്കു മറ്റു രാജ്യങ്ങളുമായും ബന്ധമുണ്ട്. സെപ്റ്റംബര്‍ 22നു പുലര്‍ച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ബിശാലാ സോകോ.
രഹസ്യ വിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു.
മുങ്ങിയവര്‍ ആരെല്ലാം ?
കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ഹെറോയിന്‍ എന്തു ചെയ്യണമെന്നു നിര്‍ദേശം ലഭിച്ചിരുന്നില്ലെന്നാണ് പിടിയിലായ സാംബിയ സ്വദേശി ബിശാലാ സോകോ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതായി വിവരം.
വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു മുന്‍പ് ഇവര്‍ പിടിയിലായ വിവരം, കടത്തു സംഘത്തിനു ലഭിച്ചതിനു പിന്നാലെ ഇവര്‍ മുങ്ങിയിരിക്കാനുള്ള സാധ്യതയാണ് ഡിആര്‍ഐ സംഘവും ഇന്റലിജന്‍സും കാണുന്നത്.
നിലവിലെ സാഹചര്യത്തില്‍ യുവതി വിമാനമിറങ്ങിയ സമയത്തിനു തൊട്ടുമുമ്പായി കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് എത്തിയ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ വിവിധ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്.
ഈ വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതിയുടെ വരവ് കാത്തിരിക്കുന്നവരെ തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയാണുള്ളത്.
സ്വര്‍ണക്കടത്തിനു സമാനം
സ്വര്‍ണക്കടത്ത് സംഘം സ്വീകരിക്കുന്ന സമാനമായ രീതിയിലാണ് ഹെറോയിന്‍ കടത്തിയത്. സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍മാര്‍ അത് ആര്‍ക്കുവേണ്ടിയുള്ളതാണെന്ന് തിരിച്ചറിയില്ല.
വിമാനത്താവളത്തില്‍ എത്തിയ ശേഷം വാങ്ങാനായി സംഘം എത്തുമെന്ന് മാത്രമാണ് കാരിയര്‍മാരെ അറിയിക്കുക.
വിമാനമിറങ്ങി എയര്‍പോര്‍ട്ടില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ പിടിയിലായാല്‍ സ്വര്‍ണം വാങ്ങാനെത്തിയവരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഈ പഴുതടച്ച മാര്‍ഗം സ്വീകരിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ഹെറോയിനും കൊണ്ടുവന്നത്.
കാരിയറായ ആഫ്രിക്കന്‍ യുവതിയോടു വിമാനത്താവളത്തില്‍ എത്തുന്നത് ആരാണെന്നതു വെളിപ്പെടുത്തിയിരുന്നില്ല.
കരിപ്പൂരിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഇതുവഴി ഹെറോയിന്‍ കടത്താന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്.