പത്തനംതിട്ട: രാജ്യത്ത് ആദ്യ വൈദ്യുതി സുരക്ഷാ ഗ്രാമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി. ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത പദ്ധതി പ്രഹസനമായി മാറിയെന്ന് ആക്ഷേപം.വേനൽമഴ ആരംഭിച്ചതോടെ വൈദ്യുതി സുരക്ഷാ ഗ്രാമം ഭീഷണിയിലാണ്. ശക്തമായ ഇടിമിന്നൽ ആറന്മുളയിൽ സർവനാശം വിതയ്ക്കുകയാണ്. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ പോലും ഫലപ്രദമല്ല.
ആറന്മുള ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ കൈയെത്തും ഉയരത്തിലാണ്. ഇതിന്റെ ഫ്യൂസ് കാരിയറുകൾ തുറന്ന ജാലകമാണ്. ഇവയും കൈയെത്തും ഉയരത്തിലാണ്. തന്നെയുമല്ല ഏറെ കാരിയറുകൾക്കും സുരക്ഷാ കവചം പോലുമില്ല. വേനൽമഴയിലെ ഇടിമിന്നലിൽ ട്രാൻസ്ഫോർമർ ഫ്യൂസ് കാരിയറുകളിൽ നിന്ന് പൊട്ടിത്തെറിയും തീയും നിത്യസംഭവമാണെന്ന് സമീപവാസികളും വ്യാപാരികളും പറയുന്നു.
ട്രാൻസ്ഫോർമറിനു തൊട്ടടുത്താണ് വെയ്റ്റിംഗ്ഷെഡ്. പന്തളം ഭാഗത്തേക്കുള്ള ബസ് കാത്ത് നിരവധി യാത്രക്കാരും വിദ്യാർഥികളും ഇവിടെ എത്താറുണ്ട്. മഴ പെയ്യുന്പോൾ വെയ്റ്റിംഗ്ഷെഡിൽ അഭയം തേടുന്നവരുടെ എണ്ണവും കൂടും. ഇതിനോടു ചേർന്ന ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഏറെ അപകടഭീഷണി ഉയർത്തുന്നു.
ആറന്മുള സന്പൂർണ വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നിൽ കണ്ട് കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ഉദ്ഘാടനം ചെയ്തത്. ആഘോഷമായി ഉദ്ഘാടനം ചെയ്തതല്ലാതെ തുടർ പ്രവർത്തനങ്ങളുണ്ടായില്ല. ഉദ്ഘാടനം നടന്ന ആറന്മുള കുളമാപ്പുഴി ജംഗ്ഷനിലെ ട്രാൻസ്ഫോർമർ പോലും നവീകരിച്ചിരുന്നില്ല. മന്ത്രി എം.എം. മണി എത്തി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തുടർ പ്രവർത്തനം നിലച്ചു.
കെഎസ്ഇബി, ആറന്മുള ഗ്രാമപഞ്ചായത്ത്, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് എന്നിവയുടെ സംയുക്ത മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 9000ൽ അധികം വരുന്ന വീടുകളിൽ പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വീടുകളിൽ സർവേ നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കുകയെന്നതാണ് ഇതിൽ പ്രധാനം. വയറിംഗുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിശോധന നടത്തി ലൈനുകൾക്കും പോസ്റ്റുകൾക്കും അടക്കം സുരക്ഷ ഒരുക്കുകയെന്നതടക്കമുള്ള നടപടികൾ പദ്ധതിയുടെ ഭാഗമാണ്.