കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എഎസ്ഐയെ സസ്പെൻഡ് ചെയ്തു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐ റംലബീവിയെ സസ്പെൻഡ് ചെയ്തത്.
റംലബീവിയുടെ ഫേസ് ബുക്ക് പേജിന്റെ കോപ്പി സഹിതം സ്പെഷൽ ബ്രാഞ്ച് കോട്ടയം എസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എസ്പി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി, എഎസ്ഐ റംലബീവിയെ വിളിച്ച് വരുത്തി മൊഴിയെടുക്കുകയും വിശദമായ റിപ്പോർട്ട് കോട്ടയം എസ്പിയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് അബദ്ധത്തിൽ ഭർത്താവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് റംലബീവി ഡിവൈഎസ്പിക്ക് മൊഴി നൽകിയത്.
ജൂലൈ അഞ്ചിനു പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് തന്റെ പേജിൽ റംല പങ്കുവയ്ക്കുകയായിരുന്നു.
വിദ്വേഷ മുദ്രാവാക്യ കേസിലുൾപ്പെട്ടവർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ്.