നിലന്പൂർ: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറി ലോട്ടറിയിൽ ഒരേ നന്പറിൽ രണ്ട് ടിക്കറ്റ്. ഇന്നലെ നറുകെടുത്ത കാരുണ്യ ടിക്കറ്റിനാണ് രണ്ടെണ്ണത്തിൽ ഒരേ നന്പറുള്ളത്. 40 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റാണ് 10 സീരിയൽ നന്പറിലായി ഇറക്കിയിട്ടുള്ളതെന്ന് ടിക്കറ്റിൽ പറയുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം വഴിക്കടവ് പഞ്ചായത്തിൽ വിതരണം ചെയ്ത ടിക്കറ്റാണിത്. എടക്കരയിലെ ഒരു ഏജന്റ് വഴി വിതരണം ചെയ്തതാണിത്.
ടിക്കറ്റിന്റെ മറുഭാഗത്ത് ഏജൻസിയുടെ പേരും വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ഭാഗ്യക്കുറിയിലും സുലഭമായി വ്യാജനുണ്ടെന്നതിന് സൂചനയാണിത്. ഇതേ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഏജൻസിയുടെ വിശദീകരണം.
പ്രിന്റിംഗിൽ വന്ന പിഴവാകും കാരണമെന്നും ഇവർ പറഞ്ഞു. കാരുണ്യ ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റ് മാത്രമാണ് വിൽപ്പന നടത്തിയതെന്നും ഏജൻസി പറഞ്ഞു.കാരുണ്യ ലോട്ടറി അധികൃതരും പ്രിൻറിംഗ് പിഴവ് ആവാം കാരണമെന്നാണ് വിശദീകരണം നൽകുന്നത്.
സർക്കാരിന്റെ അനാസ്ഥയെന്ന് ഐഎൻടിയുസി
മലപ്പുറം: സംസ്ഥാന ലോട്ടറിയുടെ ഒരേ നന്പറിലുള്ള രണ്ടു ലോട്ടറി ടിക്കറ്റുകൾ മലപ്പുറം ജില്ലയിൽ വിൽപ്പനചെയ്യാൻ ഇടയായ സാഹചര്യം സർക്കാറിന്റെയും ലോട്ടറി വകുപ്പിന്റെയും തികഞ്ഞ അനാസ്ഥയാണെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ആരോപിച്ചു.
വ്യാജ ലോട്ടറികളും എഴുത്തുലോട്ടറികളും വ്യാപകമായി പ്രചരിക്കുകയും സംസ്ഥാന ലോട്ടറി ടിക്കറ്റിന് വെല്ലുവിളിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാറിന്റെ തന്നെ സംരക്ഷണയിലുള്ള സംസ്ഥാന ലോട്ടറി ടിക്കറ്റിൽ ഇത്തരത്തിൽ അനാസ്ഥ ഉണ്ടാവുന്നത് ഗവണ്മെന്റിന്റെ ലോട്ടറിയിലുള്ള ആത്മാർത്തതയില്ലായിമയാണെന്ന് പ്രസിഡന്റ് കെ.ശിവരാമൻ കുറ്റപ്പെടുത്തി.