മഹാരാഷ്ട്രക്കാരിയും ടെക്സാസ് സ്വദേശിനിയും തമ്മിലുള്ള സ്വവര്‍ഗ വിവാഹം വീട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നില്ല ! വില്ലനായ കാന്‍സറിനെയും തോല്‍പ്പിച്ച് പത്തു വര്‍ഷത്തിനു ശേഷം പ്രണയസാഫല്യം…
രണ്ടു രാജ്യക്കാര്‍, രണ്ടു സംസ്കാരം എന്നാല്‍ പരസ്പരം സ്നേഹിക്കുന്നതിന് അവര്‍ക്ക് ഇതൊന്നും തടസ്സമായിരുന്നില്ല. മഹാരാഷ്ട്രക്കാരി മേഖലയും ടെക്സാസ് സ്വദേശിനി ടെയ്റ്റമും ആദ്യമായി കണ്ടുമുട്ടിയത് വെര്‍ജിനിയയില്‍ വച്ചാണ്. ക്രിയേറ്റീവ് റൈറ്റിങ് പഠനത്തിനായി വെര്‍ജിനിയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്സ് കോളജില്‍ എത്തിയതായിരുന്നു ഇരുവരും. എഴുത്തിലുള്ള താല്പര്യമാണ് ഇരുവരുടെയും ബന്ധം വളര്‍ത്തിയത്. ഈ ബന്ധം ഇരുവരും അറിയാതെ തന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞത് ബിരുദം നേടി ഒരാള്‍ പോയിക്കഴിഞ്ഞപ്പോഴാണ്.
തമ്മില്‍ കാണാതിരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ അവരുടെ ബന്ധം വീണ്ടും വീണ്ടും ദൃഢമാക്കുകയായിരുന്നു. എന്നാല്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയബന്ധവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. അതിനിടയിലാണ് ക്യാന്‍സര്‍ വില്ലനെ പോലെ ടെയ്റ്റമിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. എന്നാല്‍ ക്യാന്‍സറിനെ അവര്‍ പൊരുതി തോല്‍പ്പിച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ പ്രണയത്തിനു മുന്നിലെത്തിയ തടസ്സങ്ങളൊക്കെ ഇല്ലാതായി.
അങ്ങനെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത് വെച്ച് തങ്ങളുടെ അധ്യാപകന്റെ കാര്‍മികത്വത്തില്‍ അവര്‍ വിവാഹിതരായി. വിവാഹ ശേഷം ഇന്ത്യയിലേക്കു മടങ്ങിയ ഇരുവരും മഹാരാഷ്ട്രിയന്‍ ആചാരപ്രകാരവും വീണ്ടും വിവാഹിതരായി. ‘ഈ പ്രണയം സത്യമല്ലെങ്കില്‍ പിന്നെ എനിക്കറിയില്ല എന്താണ് സത്യമായ പ്രണയമെന്ന്’ എന്ന് കുറിച്ചു കൊണ്ട് ഇവരുടെ വിവാഹചിത്രം പങ്കുവച്ചത് എറിക കാമിലെ എന്ന ഫൊട്ടോഗ്രാഫറാണ്.