കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക.
കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
പിടിയിലായ ഷാലിഹിന് കഞ്ചാവ് കൈമാറിയ രണ്ട് പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്യും. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടാനും എക്സൈസ് ആലോചിക്കുന്നുണ്ട്.