കോഴിക്കോട്: കോഴിക്കോട് പയ്യാനയ്ക്കലിനു സമീപം അഞ്ചുവയസുകാരിയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ് കണ്ടെത്തൽ. മാതാവ് സമീറ അന്ധവിശ്വാസിയായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കഴിച്ച മാമ്പഴത്തില്‍ ദുർഭൂതം ഉണ്ടെന്ന കാരണത്താല്‍ തുണികൊണ്ട് വായ അമര്ത്തിപിടിക്കുകയായിരുന്നു.
ദുർഭൂതം പുറത്തേക്ക് കടക്കാതിരിക്കാനാണ് ഇത്തരത്തില്‍ വായപൊത്തിപിടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സമീറ നേരത്തെ ഒരു ഉസ്താദിന്റെ അടുത്തെത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഉസ്താദ് വെള്ളം പൂജിച്ച് നല്‍കിയിരുന്നതായും ഇവ സമീറ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘത്തിന് വ്യക്തമായി. ഉസ്താദിന്റെ മൊഴി പോലീസ് ശേഖരിച്ചുവരികയാണ്.
അതേസമയം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന സമീറക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. സമീറയെ ചികിത്സിച്ച ഡോക്ടറുടെയും പോസ്റ്റമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജ്ജന്റേയും മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ബുധനാഴ്ചയാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിശ റെന മരിച്ചത്.
വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.