തന്റെ ആദ്യ സിനിമ പ്രേക്ഷകർക്കു മുന്പിൽ അവതരിപ്പിക്കുന്നതിനു മുന്പായി കേരള പോലീസിന്റെ ഭാഗത്തു നിന്നും തനിക്കുണ്ടായ നല്ലു അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് സംവിധായകൻ റിയാസ് മുഹമ്മദ്.
കോട്ടയം സ്വദേശിയായ റിയാസ് ആദ്യമായി സംവിധാനം ചെയ്ത ആദ്യ ചിത്രം അമീറ വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.
ബാലതാരം മീനാക്ഷി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സമൂഹിക പ്രതിബന്ധതയുള്ള കഥയാണ് പറയുന്നത്.
അതിനൊപ്പം തന്നെ തന്റെ സാമൂഹിക പ്രതിബന്ധത കൂടി തെളിയിച്ചിരിക്കുകയാണ് ഈ നവാഗത സംവിധായകനും.
കോവിഡ് ഭീഷണിയിലും ഉൗണും ഉറക്കുവും ഉപേഷിച്ചു ജാഗ്രത പുലർത്തുന്ന പോലീസ് വകുപ്പിനും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പലവിധങ്ങളായ പരിഹാസങ്ങളും വിവാദങ്ങളും കൊഴുപ്പിക്കുന്ന സമൂഹ മാധ്യമങ്ങളിൽ വേറിട്ട ശബ്ദമാവുകയാണ് റിയാസിന്റെ പോസ്റ്റ്….
റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Swiggiyile ഡ്യൂട്ടിക്കു ഇടയിൽ ചേച്ചിയുടെ വീട്ടിൽ നിക്കാൻ പോയ മകനു വയറു വേദന ആണെന്ന് അറിഞ്ഞു. ഹോസ്പിറ്റലിൽ പോകാൻ കൂട്ടി കൊണ്ടു വരുന്ന വഴിയിൽ കോട്ടയം ധന്യ, രമ്യ തിയേറ്ററിന്റെ അടുത്തുവെച്ചു പെട്ടന്ന് മഴ പെയ്തു.
വളരെ ഇരുട്ടായിരുന്നകൊണ്ടും മകൻ കൂടെ ഉള്ളതുകൊണ്ടും കടയുടെ സൈഡിൽ കയറി നിൽക്കാതെ തിരുനക്കര മൈതാനത്തിന്റെ അടുത്തു പോലീസ് കെട്ടിയ ടെന്റിന്റെ അടുത്തു വന്നു നിന്നു.
പോലീസായതു കൊണ്ടു അല്പം ഭയത്തോടെയാണ് വന്നു നിന്നത്. പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി വണ്ടി അകത്തേക്കു കേറ്റി വെക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
മോനു വയറു വേദനയാണെന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കും കുടുംബവും കുട്ടികളുമുണ്ട് എന്നു പറഞ്ഞു മോനു ഇരിക്കാൻ കസേര ഇട്ടു തന്നു. പിന്നെ. മോനോട് വിശേഷങ്ങൾ തിരക്കി.
കേരള പോലീസിനെ ഓർത്തു അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. അല്പം നേരം ഇരുന്നപ്പോൾ തന്നെ കൊതുകു കടികൊണ്ട് അവിടെ ഇരിക്കാൻ പറ്റാതായി.
ഇത്തരത്തിൽ പലവിധങ്ങളായ ത്യാഗം സഹിച്ച്, ഉൗണും ഉറക്കവും കളഞ്ഞ്, രാത്രിയെന്നും പകലെന്നുമില്ലാതെ കൊതുകു കടിയുംകൊണ്ട് നമുക്ക് വേണ്ടിയാണ് അവർ കാവൽ നിൽക്കുന്നത്.
കൊറോണക്കാലമാണ്, അവരും മനുഷ്യരാണ്. കൊറോണ അവർക്കും വരാം. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ അവർ നമ്മൾക്കു വേണ്ടി നിയമം നടപ്പിലാക്കാൻ കാവൽ നിൽക്കുന്പോൾ നമ്മൾ തോന്ന്യാസം കാട്ടി കറങ്ങി നടക്കുകയാണ്.
ആരോഗ്യ പ്രവർത്തകരോടൊപ്പം തന്നെ അവരും നമ്മൾക്ക് അഭിമാനമാണ്. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത രണ്ടു പോലീസ് കാരുടെ തല തല്ലിപൊളിച്ച വാർത്ത കേൾക്കുക ഉണ്ടായി. അവർ പറഞ്ഞതും അയാളുടെയും ചുറ്റുമുള്ളവരുടേയും നന്മക്ക് വേണ്ടിയായിരുന്നു.
അവർക്ക് വേണെങ്കിൽ മൈൻഡ് ചെയ്യാതെ പോകാമായിരുന്നു. പരിക്കേറ്റവരിൽ ഒരാൾക്ക് വളരെ സീരിയസാണെന്നാണ് അറിയാൻ കഴിഞ്ഞത്.
ഇനി ഇതുപോലത്തെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്കു ശ്രമിക്കാം. എത്ര കണ്ടാലും കിട്ടിയാലും ചിലർ പഠിക്കില്ല. എങ്കിലും നമുക്കായി ഉണർന്നിരിക്കുന്ന പോലീസിനൊപ്പം ചേർന്ന് കൊറോണയെന്ന ഈ മഹാമാരിയെ നേരിടാം. നിയമങ്ങൾ പാലിക്കാം, break the chain.
ഇറങ്ങാൻ നേരം ഇടയ്ക്കു സിനിമയുടെ വിശേഷം പങ്കുവെച്ചിരുന്നു അമീറാ വെള്ളിയാഴ്ച റിലീസാണ് അല്ലെ, നല്ല വിജയമാകാൻ പ്രാർത്ഥിക്കാമെന്നും പറഞ്ഞു.
എസ്ഐ അനിൽ വർഗീസ്, കോണ്സ്റ്റബിൾ സുനിൽ കുമാർ എന്നിവരായിരുന്നു ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അതെ, നമ്മുടെ കേരള പോലീസ് അഭിമാനം തന്നെയാണ്. ഇതൊന്നും കൊണ്ടു ആരും മാറില്ല എന്നറിയാം! എന്നാലും ഒരു പ്രതീക്ഷ…