‘മുക്കം: പൊതുവിദ്യാലയങ്ങളില്‍ മാത്രം പഠിച്ച് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് മുക്കം മണാശ്ശേരി എടക്കണ്ടിയില്‍ സമിക്കും കുടുംബവും. സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശ പരീക്ഷാഫലം ഇന്നലെ വൈകുന്നേരം പുറത്തുവന്നതുമുതല്‍ സമിക്കും കുടുംബവും സ്വപ്ന ലോകത്താണ്.
പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്കാണ് ഈ മിടുക്കനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. പിന്നിട് കഠിന പ്രയത്നത്തിലൂടെ ഒന്നാം റാങ്ക് നേടിയെടുക്കുകയായിരുന്നു.
മണാശ്ശേരി ഗവ.യുപി.സ്കൂള്‍, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , ദേവഗിരി സ്കൂള്‍ എന്നിവിടങ്ങളിലാണ് സമിക്ക് പഠനം പൂര്‍ത്തിയാക്കിയത് എന്നതുതന്നെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പൊതുവിദ്യാലയങ്ങളെ അവഗണിച്ച് സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സമിക്കിന്റെ റാങ്ക് നേട്ടം. മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആവണമെന്നാണ് സമിക്കിന്റെ ആഗ്രഹം.
പിതാവ് മോഹന്‍ ദാസ് കാസര്‍ഗോഡ് നഗരസഭയിലെ റവന്യു ഓഫീസറാണ്. മാതാവ് കെ.പി.ബബിഷ മണാശേരി സ്കൂളിലെ അധ്യാപികയാണ്.ഏക സഹോദരന് ഋത്വിക് മോഹന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്.
ഒന്നാം ക്ലാസ് മുതല്‍ പൊതു വിദ്യാലയങ്ങളിലാണ് സമിക്കും സഹോദരന് ഋത്വിക്കിനും പഠിച്ചത്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും സമിക്ക് എ പ്ലസ് നേടിയിരുന്നു. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ എം.എ.സേ ബക്ക് ഒപ്പം എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി സമിക്ക് മോഹനും ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.