കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി സംജുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ല. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്കില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് കസ്റ്റംസ് സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന്റെ സഹായംതേടി. എന്നാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ മറുപടി നല്‍കിയത്. അതേസമയം കസ്റ്റംസ് സൈബര്‍ വിദഗ്ധരേയും സമീപിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സംബന്ധിച്ച് വ്യക്തത ലഭിക്കില്ലെന്നാണ് ഇവരില്‍ നിന്നു ലഭിച്ച മറുപടി.
ഇതോടെ ഷംജുവിന്റെ വീട്ടില്‍ എത്തിയവരാരെല്ലാമെന്നത് അവ്യക്തമായി നിലനില്ക്കും. നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ച സ്വര്‍ണം കോഴിക്കോട്ടെ ജ്വല്ലറികളിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വര്‍ണം സംജുവിന് കൈമാറിയിരുന്നത്.
ഇതിനായി ഷാഫി നിരവധി തവണ സംജുവിന്റെ വീട്ടിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് ശരിയാണോയെന്ന് അന്വേഷിക്കുന്നതിനാണ് സിസിടിവി കസ്റ്റഡിയിലെടുത്തത്. അതേസമയം സംജുവിനെ മറ്റാരെങ്കിലും പതിവായി കാണാന്‍ എത്തിയിരുന്നോ എന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിക്കുമെന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും സംജുവിന്റെ മൊഴി നിര്‍ണായകമാണെന്ന് അന്വേഷണ സംഘം അറിയിച്ചു.സ്വര്‍ണം എത്തിച്ചിരുന്നതായി മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് അന്വേഷണം മലപ്പുറത്തേക്കും കോഴിക്കോടേക്കും വ്യാപിപ്പിച്ചതോടെ അന്വേഷണം എത്തുമെന്ന് സംജുവിന് അറിയാമായിരുന്നു.
ഇതേത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പലതും ഡിലീറ്റ് ചെയ്തതാവാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. അതേസമയം കസ്റ്റഡിയിലുള്ള സംജുവിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷില്‍നിന്നും സന്ദീപ് നായരില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കും സംജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.