സ്വന്തംലേഖകന്‍
കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി സംജുവിനെതിരേ കൂടുതല്‍ തെളിവുകള്‍ തേടി കസ്റ്റംസ്.
ഇന്നലെ അറസ്റ്റ് ചെയ്ത സംജുവിന്റെ വീട്ടില്‍ ഇന്നലെയും കസ്റ്റംസ് പരിശോധന നടത്തി. കൊച്ചിയിലെ കസ്റ്റംസ് അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയ പരിശോധനയില്‍ സിസിടിവി കാമറയും ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്കും കസ്റ്റഡിയിലെടുത്തു.
ഹാര്‍ഡ് ഡിസ്ക് അന്വേഷണസംഘം ഇന്നു പരിശോധിക്കും. സംജുവിന്റെ വീട്ടില്‍ എത്തിയിരുന്നത് ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായാണ് ഇവ പരിശോധിക്കുന്നത്.
നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ച സ്വര്‍ണം സംജു കോഴിക്കോട്ടെ ജ്വല്ലറികളിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശി ഷാഫിയാണ് സ്വര്‍ണം സംജുവിനു കൈമാറിയിരുന്നത്.
ഇതിനായി ഷാഫി നിരവധി തവണ സംജുവിന്റെ വീട്ടിലെത്തിയതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സംജുവിനെ മറ്റാരെങ്കിലും പതിവായി കാണാന്‍ എത്തിയിരുന്നോ എന്നതും പരിശോധിക്കും.
നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ആരെങ്കിലും സംജുവിന്റെ വീട്ടില്‍ എത്തിയിരുന്നോ എന്നതും പരിശോധിക്കും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ സംജുവിനെ കാണാനെത്തിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചതോടെ തന്നിലേക്കെത്തുമെന്നു സംജുവിന് അറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പലതും ഡിലീറ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതിനാല്‍ ഏതെങ്കിലും ദിവസത്തെ ദൃശ്യങ്ങള്‍ മായിച്ചതായി കണ്ടെത്തിയാല്‍ അവ വീണ്ടെടുക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതിനു പുറമേ സംജു സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോണിലെ കോളുകളെക്കുറിച്ചും കസ്റ്റംസ് പരിശോധിക്കും.
ഇതിനു സര്‍വീസ് പ്രൊവൈഡര്മാരില്നിന്നു വിവരങ്ങള്‍ ശേഖരിക്കും. സംജുവിന് പങ്കാളിത്തമുള്ള പാവങ്ങാട്-അത്തോളി റൂട്ടിലെ അണ്ടിക്കോട്ടെ കണ്വന്ഷന് സെന്ററിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.