ലോസ് ആഞ്ചലസ്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവൽ ലിറ്റിൽ(80) മരിച്ചു.
രാജ്യത്തുടനീളമായി 93 സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സാമുവൽ സമ്മതിച്ചിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ കലിഫോർണിയയിലെ ആശുപത്രിയിൽ ബുധനാഴ്ചയാണ് അന്ത്യം.
1970നും 2005നും ഇടയ്ക്കായിരുന്നു കൊലപാതകങ്ങൾ. ഭൂരിഭാഗം ഇരകളും ലൈംഗികത്തൊഴിലാളികളോ മയക്കുമരുന്നിന് അടിമകളോ ആയിരുന്നു.
ബോക്സറായിരുന്ന സാമുവൽ ഇരകളെ ഇടിച്ചുവീഴ്ത്തി ശ്വാസംമുട്ടിച്ചാണു കൊന്നിരുന്നത്. മൃതദേഹത്തിൽ മുറിവുകളോ മറ്റു തെളിവുകളോ ഇല്ലാതിരുന്നതിനാൽ കൊലപാതകമാണെന്നു പോലും സംശയിക്കപ്പെട്ടിരുന്നില്ല.
മയക്കുമരുന്നിന്റെ അമിത ഉപയോഗം പോലുള്ള കാരണങ്ങളാണ് സംശയിക്കപ്പെട്ടിരുന്നത്. ചില കേസുകളിൽ മൃതദേഹങ്ങൾ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കൊള്ള, ബലാത്സംഗം മുതലായ നിരവധി കേസുകളിൽ പ്രതിയായിരുന്ന സാമുവൽ 2012ൽ മയക്കുമരുന്നു കേസിൽ അറസ്റ്റിലായി. ലോസ് ആഞ്ചലസ് കൗണ്ടിയിൽ നടന്ന മൂന്നു കൊലപാതകങ്ങൾക്ക് ഇയാളുമായി ബന്ധമുണ്ടെന്നു ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു.
ഈ കേസിലാണ് ജീവപര്യന്തം ലഭിച്ചത്. മറ്റു കേസുകളിൽ ഇയാൾ നടത്തിയ കുറ്റസമ്മതം യഥാർഥമാണെന്ന് എഫ്ബിഐ വിശ്വസിക്കുന്നു.