കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും ഇതു മുദ്രവച്ച കവറില്‍ നല്‍കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെത്തുടര്‍ന്നു ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള കേസന്വേഷണം നിരപരാധികളെ കേസില്‍ കുടുക്കാനുള്ള ലൈസന്‍സല്ലെന്നും ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് സന്ദീപ് ഉന്നയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വാദിച്ചു.
ഇഡി ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധമില്ലാത്തവര്ക്കെതിരേ വ്യാജ തെളിവുണ്ടാക്കുന്നെന്ന ആരോപണം ശരിയാണെങ്കില്‍ ഒരു പൗരനും രാജ്യത്ത് സുരക്ഷിതനല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അഡി. സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ വാദിച്ചു.
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നുള്ള കേസും സന്ദീപ് നായരുടെ പരാതിയെത്തുടര്‍ന്നുള്ള കേസും വ്യത്യസ്തമാണ്.
ഒരേ സംഭവത്തില്‍ രണ്ടു കേസെടുത്തെന്ന ഇഡിയുടെ വാദം ശരിയല്ല. ആരെയും ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്.
ഈ ഘട്ടത്തില്‍ കോടതി ഇടപെടരുത്. കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ അപക്വമാണ്. ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സിയെ അവിശ്വസിക്കുന്നത് ശരിയല്ല.
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള പരാതിയില്‍ ആരുടെ ശബ്ദമാണിത്, എങ്ങനെയാണ് പുറത്തു വന്നത്, ഇതില്‍ പറയുന്നത് സത്യമാണോ എന്നിവയാണ് അന്വേഷിക്കുന്നത്.
ഈ ശബ്ദരേഖയ്ക്കു കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള കേസുമായി ബന്ധമില്ല. കേസുകള്‍ റദ്ദാക്കുകയോ സിബിഐക്കു വിടുകയോ വേണമെന്ന ഇഡിയുടെ ആവശ്യം പരസ്പരവിരുദ്ധമാണ്.
പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ഏതുതരം അന്വേഷണം വേണമെന്ന ആവശ്യപ്പെടാന്‍ കഴിയില്ല. ഇഡി ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണം നേരിടണമെന്നും സര്‍ക്കാർ വാദിച്ചു.
ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡി. സോളിസിറ്റര്‍ ജനറല്‍മാരായ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരാണ് ഹാജരാകുന്നത്.