ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പുതിയ വിവാദം തലപൊക്കി. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ പന്ത് ചുരണ്ടിയെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. എന്നാൽ, ഇക്കാര്യം ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് നിഷേധിച്ചു.
മത്സരത്തിനിടെ ഓരോ പന്തെറിയുന്പോഴും സാംപ പോക്കറ്റിൽ കൈയിട്ട് എന്തോ പുറത്തെടുക്കുന്നതും പന്തിനടുത്തേക്ക് കൊണ്ടുവരുന്നതും കാണാം. ഇത് സാൻഡ് പേപ്പറാണെന്നാണ് ആരോപണം. മത്സരശേഷം ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി.
ഇത്തരം ആരോപണങ്ങൾ ശുദ്ധ അംബന്ധമാണെന്നു പറഞ്ഞ ഫിഞ്ച്, സാംപയുടെ പോക്കറ്റിലുണ്ടായിരുന്നത് ഹാൻഡ് വാമേഴ്സ് (കൈ ചൂടാക്കാൻ ഉപയോഗിക്കുന്ന വസ്തു) ആയിരിക്കാമെന്നും പറഞ്ഞു. സാംപയുടേതെന്നു പറയുന്ന വീഡിയോ കണ്ടിട്ടില്ലെന്നും സാംപ സാധാരണ എല്ലാ മത്സരങ്ങൾക്കും ഹാൻഡ് വാമേഴ്സ് കൈയിൽ കരുതാറുണ്ടെന്നും ഫിഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പന്തു ചുരണ്ടൽ വിവാദമുയർത്തിയ അലയൊലികളിൽ നിന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുക്തരാകുന്നതിനു മുന്‍പാണ് സാംപ പ്രശ്നം ഉയർന്നിരിക്കുന്നത്.