തിരുവനന്തപുരം: വിമാനത്തിൽ കറങ്ങി മോഷണം നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് സംപതി ഉമാപ്രസാദിനെ (23) അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. മറ്റ് വിമാനത്താവളങ്ങളിൽ ഇയാൾ എത്തിയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട ് മോഷണകേസുകളും പേട്ടയിൽ ഒരു മോഷണ കേസുമാണ് ഇയാൾക്കെതിരെ കണ്ടെ ത്തിയിരിക്കുന്നത്.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
പേട്ടയിൽ വീട് കുത്തിതുറന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസ് ഉൾപ്പെടെ നിരവധി കവർച്ചകൾ ഇയാൾ നടത്തിയിട്ടുണ്ടെ ന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
തെലങ്കാന സ്വദേശിയായ ഉമാപ്രസാദിനെതിരെ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മോഷണ കേസുകൾ നിലവിലുണ്ടെ ന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത്. മോഷണങ്ങൾ നടത്തിയ ശേഷം ജൂണിൽ മടങ്ങിപ്പോയിരുന്നു.
വിമാനമാർഗം തിരുവനന്തപുരത്തെത്തുന്ന ഇയാൾ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കും. ഇതിനിടെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ നോക്കി വച്ച് ഗുഗിൽ ലൊക്കേഷൻ സേവ് ചെയ്താണ് മോഷണം നടത്തി വന്നിരുന്നത്.
സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണം ഷാഡോ പോലീസാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ അതീവ രഹസ്യമായാണ് പോലീസ് പിടികൂടിയത്.