ന്യൂഡൽഹി: രാജ്യം വികസനത്തിലേക്കു കുതിക്കുകയാണെന്ന പ്രചാരണം നടത്തി ബിജെപി വീണ്ടും അധികാരത്തിലെത്തിയെങ്കിലും വാസ്തവം അതായിരുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ പുറത്തുവിടാതെ പിടിച്ചുവച്ചിരുന്ന സാംപിൾ സർവെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൊത്ത ആഭ്യന്തര ഉത്പാദനം 5.8 ശതമാനം മാത്രമാണെന്ന് സാംപിൾ സർവെ റിപ്പോർട്ട് പറയുന്നു. കാര്‍ഷിക, നിര്മ്മിതോല്പ്പന മേഖലകളിലെ തളര്‍ച്ചയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചത്. 2013-14 കാലത്തെ 6.4 ശതമാനമാണ് ഇതിന് മുന്‍പത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്. ഇതോടെ വേഗത്തിൽ വളരുന്ന ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന എന്ന പദവി ഇന്ത്യക്ക് നഷ്ടമായി. അയൽപ്പക്കാരായ ചൈനയാണ് ഇന്ത്യയെ പിന്തള്ളി വേഗത്തിൽ വളരുന്ന ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറിയത്. ജനുവരി-മാർച്ച് പാദത്തിൽ ചൈനയുടെ ആഭ്യന്തര ഉത്പാദന വളർച്ച 6.8 ശതമാനമാണ്.
തൊഴിലില്ലായ്മയുടെ കാര്യത്തിലും വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. രാജ്യത്തിന്റെ തൊഴില്ലായ്മ നിരക്ക് 2017-18 വർഷത്തിൽ കഴിഞ്ഞ 45 വർഷത്തേക്കാൾ ഉയരത്തിലെത്തി. നഗരമേഖലയിൽ യുവജനങ്ങൾക്കിടയിൽ 7.8 ശതമാനം പേരും തൊഴിൽ രഹിതരാണ്. ഗ്രാമങ്ങളിലെ 5.3 ശതമാനം യുവാക്കളും തൊഴിലില്ലായ്മ അനുഭവിക്കുന്നു- കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
റിപ്പോർട്ടിലെ വിവരങ്ങൾ നേരത്തെ ചോർന്ന് പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം കണക്കുകൾ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ട് പൂർണമായിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് സർക്കാർ കണക്ക് പുറത്തുവിടാത്തതാണെന്ന് വിമർശം ഉയർന്നിരുന്നു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം നടക്കുമ്പോഴാണ് കണക്കുകൾ പുറത്തുവരുന്നത്.