ചാത്തന്നൂർ: മസ്റ്റർ റോളിൽ ഉൾപ്പെടുത്താതെ തൊഴിലാളികളെ കൊണ്ട് മത്സ്യ കൃഷി നടത്തി; വേതനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രധാന കവാടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുത്തിയിരുപ്പ് സമരം നടത്തി.കഴിഞ്ഞ ജൂൺ 19 മുതൽ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട പോളച്ചിറ ഏലായിലാണ് മത്സ്യ കൃഷിക്കായി തൊഴിലാളികളെ ഉപയോഗപ്പെടുത്തിയത്.
എഴുപതോളം തൊഴിലാളികൾ മുപ്പത് ദിവസമാണ് ഇവിടെ ജോലി ചെയ്തത്.മത്സ്യ വിത്ത് നിക്ഷേപിക്കുന്നതിനായി ഏലായിൽ കുളം ഒരുക്കുക എന്നതായിരുന്നു തൊഴിൽ.മസ്റ്റർ റോൾ തയാറാക്കാതെയാണ് തൊഴിലാളികളെ കൊണ്ട് പണി എടുപ്പിച്ചത്.
മത്സ്യ കൃഷിയുടെ ഭാഗമായുളള പ്രോജക്ടിലും ഉൾപ്പെടുത്തിയില്ല. വേതനമായി തൊഴിലാളികൾക്ക് അഞ്ചര ലക്ഷത്തോളം രൂപയാണ് ലഭിക്കാനുളളത്.മത്സ്യ വിത്ത് പാകിയിട്ട് അഞ്ചു മാസത്തോളമായിട്ടും വേതനം ലഭിക്കാതെ വന്നപ്പോൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും തൊഴിൽ ചെയ്ത രേഖ ഇല്ലാത്തതിനാൽ തുക നൽകാൻ നിർവാഹം ഇല്ലെന്ന് അറിയിച്ചു.
പിന്നീട് ഈ പ്രോജക്ട് അനധികൃതമായി മസ്റ്റർ റോളിൽ ഉൾപ്പെടുത്താൻ ഗ്രാമ പഞ്ചായത്തംഗം ശ്രമം നടത്തിയെങ്കിലും രാഷ്ട്രീയ കക്ഷികളുടെ എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിച്ചു. തുടർന്നാണ് തൊഴിലാളികൾ ഇന്നലെ കുത്തിയിരിപ്പു സമരവുമായി രംഗത്തെത്തിയത്.രാവിലെ പത്തരയോടെ പ്രവേശന കവാടത്തിൽ ഉപരോധം നടത്തി.
പാരിപ്പളളി പോലീസ് എത്തി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി.12ന് ഉന്നത അതികൃതരുമായി ആലോചിച്ച് വേതനം നൽകുന്നതിനുളള നടപടി സ്വീകരിക്കാമെന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിൽ ഉച്ചയോടെ സമരം അവസാനിപ്പിച്ചു.12ന് വേതനം നൽകുന്നതിനുളള തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.