ടി.പി. സന്തോഷ്കുമാർ
മരണത്തിൽ ആർക്കും സംശയമില്ലെങ്കിലും സംഭവ സ്ഥലത്തു വിശദമായ പരിശോധന നടത്തണമെന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ടി.ഡി. സുനിൽകുമാറിന്റെ വരവ്.
ചൂരക്കുളം എസ്റ്റേറ്റിലെ ഇവരുടെ താമസസ്ഥലത്തു സിഐയുടെ നേതൃത്വത്തിൽ പോലീസ് എത്തി. ലയങ്ങളിലെ സാഹചര്യങ്ങളും കുട്ടി മരിച്ചുകിടന്ന സ്ഥലവുമൊക്കെ വിശദമായി പരിശോധിച്ചു.
ഷാൾ കുരുങ്ങി മരിച്ചെന്നു പറയുന്നതിന്റെ സാധ്യതകളും വിലയിരുത്തി. സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾത്തന്നെ ചില പന്തികേടുകൾ അദ്ദേഹത്തിന്റെ മനസിൽ തോന്നി.
ഉയരുന്ന സംശയങ്ങൾ
വൈകാതെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം എത്തിയതോടെ മനസിൽ തോന്നിയ സംശയങ്ങൾക്കു കൂടുതൽ ബലം കിട്ടി. ഇതു വെറുമൊരു മരണമല്ല എന്നു തോന്നിത്തുടങ്ങി.
തുടർന്നു വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡോണ്‍ ബോസ്ക്കോ നൽകിയ വിവരങ്ങളും കൂടി കൂട്ടിവായിച്ചപ്പോൾ ഒരു കൊടുംക്രൂരത അതിൽ മറഞ്ഞിരിക്കുന്നതായി പോലീസിനു വ്യക്തമായി.
ഏതോ കാപിലകൻ കരുതിക്കൂട്ടി നടത്തിയ അരുംകൊലയെന്നു പോലീസ് ഉറപ്പിച്ചു. കേരളം അടുത്ത നാളിൽ കേട്ട പൈശാചികവും നിഷ്ഠുരവുമായ കൊലപാതകത്തിന്റെ ചുരുളഴിക്കുക എന്നതു പോലീസിന്റെ അഭിമാനപ്രശ്നമായി മാറി.
പോലീസ് സമർഥമായി കരുക്കൾ നീക്കി. എസ്റ്റേറ്റിലുള്ള എല്ലാവരെയും ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്കാണ് പോലീസ് അന്വേഷണം നീണ്ടത്.
എല്ലാവരുടെയും സൗഹൃദവലയത്തിലുണ്ടായിരുന്ന ഒരു യുവജനസംഘടനാ പ്രവർത്തകൻ പ്രതി സ്ഥാനത്തേക്കു വന്നതോടെ നാട്ടുകാർ ഒന്നടങ്കം പകച്ചുനിന്നു. അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്ന ആളായിരുന്നില്ല ഈ കൊടുംക്രൂരതയ്ക്കു പിന്നിൽ.
ഷാളിലെ കുരുക്ക്
പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കുകയെന്നതു പോലീസിനു വളരെ ദുഷ്കരമായിരുന്നു.
കാര്യമായ സാക്ഷികളോ സാഹചര്യത്തെളിവുകളോ ഒറ്റനോട്ടത്തിൽ ഇല്ലാതിരുന്ന ഒരു സംഭവത്തിലായിരുന്നു പോലീസിന്റെ ഒരു ഇലപോലും നഷ്ടപ്പെടുത്താതെയുള്ള അന്വേഷണം.
സിഐ ടി.ഡി.സുനിൽകുമാറിനു കുട്ടി തൂങ്ങിയതിൽ തന്നെ ആദ്യം സംശയം തോന്നിയിരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് പെണ്‍കുട്ടി ലയത്തിനു മുന്നിൽ കളിക്കുന്നതു കണ്ടവരുണ്ട്.
പിന്നീട് 3.30 ഓടെയാണ് കുട്ടിയെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഈ കുറഞ്ഞ സമയത്തിനിടയിൽ ആറു വയസുള്ള കുട്ടി അപകടത്തിൽപ്പെടാനുള്ള സാധ്യത വിരളമാണെന്നു പോലീസ് തിരിച്ചറിഞ്ഞു.
എന്നാൽ, സംശയം കൂട്ടിയതു മറ്റൊരു ഘടകമണ്. ലയത്തിന്റെ വാതിൽ അകത്തുനിന്ന് അടച്ചിരുന്നു. കളിച്ചുകൊണ്ടിരുന്ന കുട്ടി വാതിൽ ഉള്ളിൽനിന്ന് അടച്ചു കുറ്റിയിടുമെന്നു കരുതാനാവില്ലെന്നു പോലീസ് ഉറപ്പിച്ചു.
ഇതിനു പുറമെ ഷാളിന്റെ മുകൾഭാഗത്തെ കുരുക്കും പോലീസിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു. ഉത്തരത്തിൽ കെട്ടിയ കയറിൽ കുരുങ്ങിയ നിലയിലായിരുന്നു ഷാൾ.
ആറു തവണ ഷാൾ കയറിൽ ചുറ്റിയിരുന്നു. ആറു വയസുള്ള കുട്ടി ഷാളിൽ തൂങ്ങിയാൽത്തന്നെ ഇത്രയും തവണ കുരുക്കു വീഴാൻ സാധ്യതയില്ലെന്നായിരുന്നു പോലീസ് നിഗമനം.
കൃത്യമായ ആസൂത്രണത്തോടെയുള്ള കുരുക്കാണെന്നു വ്യക്തം. സ്വയം ചെയ്താലോ അബദ്ധത്തിലാണെങ്കിലോ ഇത്തരത്തിൽ സംഭവിക്കാൻ ഇടയില്ലെന്നായിരുന്നു ഫോറൻസിക് വിദഗ്ധരും ചൂണ്ടിക്കാട്ടിയത്.
പരിക്കുകൾ
മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് വേളയിൽ കണ്ട പരിക്കുകളും സംശയമുണർത്തി. കഴുത്തിനു താഴെയും വയറിലും രഹസ്യഭാഗങ്ങളിലും കണ്ടെത്തിയ പാടുകളും ചതവുകളും ആക്രമണത്തിലേക്കു വിരൽ ചൂണ്ടുന്നതായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ പെണ്‍കുട്ടി പതിവായി ലൈംഗിക ചൂഷണത്തിനിരയായി എന്നും വ്യക്തമായി. ഇതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാരത്തണ്‍ ചോദ്യം ചെയ്യലായിരുന്നു പിന്നീട്.
(തുടരും)