പരേതന്റെ സംസ്കാരം ഇന്നു നടക്കും, പരേതന്റെ ശവദാഹം നാളെ നടക്കും…. എന്നിങ്ങനെ മരണവാർത്തകളോടൊപ്പം നാം പതിവായി കേൾക്കാറും വായിക്കാറുമുള്ള കാര്യങ്ങളിലൊന്നാണ് എങ്ങനെയാണ് മരിച്ചയാളുടെ സംസ്കരിക്കുക എന്നത്.
കുഴിച്ചിടുക, ദഹിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ലോകമെന്പാടും പ്രചാരത്തിലുള്ള സംസ്കാര മാർഗങ്ങൾ. എന്നാൽ, അമേരിക്കയിൽ പുതിയൊരു രീതിക്കും തുടക്കമിട്ടിരിക്കുന്നു. എന്നു മാത്രമല്ല അതിനു നിയമപരമായ അംഗീകാരവും നടപ്പാക്കിയിരിക്കുന്നു.
കുഴിച്ചിടുന്നതിനും ദഹിപ്പിക്കുന്നതിനും പകരം മരിച്ചവരെ കന്പോസ്റ്റ് ആക്കുന്നതാണ് പുതിയ രീതി. ഇതിനനുവദിക്കുന്ന നിയമങ്ങൾ അമേരിക്കയിലെ വാഷിംഗ്ടണ് സംസ്ഥാനം പാസാക്കിയിരിക്കുകയാണ്.
ഹരിത ബദൽ
പരന്പരാഗത ശ്മശാനങ്ങൾക്കു പകരം ഹരിത ബദൽ ആഗ്രഹിക്കുന്ന ആളുകൾക്കു മനുഷ്യ കന്പോസ്റ്റിംഗ് സേവനങ്ങൾ അനുവദിക്കുന്ന നിയമങ്ങളാണു പാസാക്കിയിരിക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിനു പകരം പ്രകൃതിക്കു വളമായി മാറ്റുന്നതാണ് ഈ കന്പോസ്റ്റിംഗ്.
നമ്മുടെ നാട്ടിൽ ദഹിപ്പിച്ചതിനു ശേഷം ചാരം തരില്ലേ അതിനു പകരം സംസ്കരിച്ചു മണ്ണു പോലെയായ മിശ്രിതമാണ് ഇവിടെ ബന്ധുക്കൾക്കു ലഭിക്കുക.
ആഴ്ചകൾ വേണം
മറ്റു സംസ്കാരങ്ങൾ പോലെയല്ല, ഇതിനു കുറെ സമയമെടുക്കും. നിരവധി ഘട്ടങ്ങളുളള ഈ പ്രക്രിയ പൂർത്തിയാകാൻ ആഴ്ചകളെടുക്കും. 200 ഗാലൻ മര ചിപ്പുകളുളള ഒരു എൻഒആർ (നാച്ചുറൽ ഓർഗാനിക് റിഡക്ഷൻ) പെട്ടിയിൽ ശരീരം സ്ഥാപിക്കുന്നു.
അഴുകൽ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നതിന് ഇതിലേക്ക് ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് എന്നിവയെയും കലർത്തും. താപനില 145-155 ഡിഗ്രിയിൽ നിലനിർത്താൻ ഇതിൽ ഓക്സിജനും ചേർക്കും. അധിക താപം ആവശ്യമുള്ളപ്പോൾ സോളാർ പാനലുകളും ഉപയോഗിക്കും.
അഴുകൽ പ്രക്രിയ പൂർത്തിയായ ശേഷം, ഡെന്റൽ ഫില്ലിംഗ്, സ്ക്രൂ പോലുളള വസ്തുക്കൾ ശരീരത്തിൽ ഉണ്ടായിരുന്നെങ്കിൽ അവ അരിച്ചു നീക്കം ചെയ്യും. ശേഷം മണ്ണു പോലെയായ വളം കുടുംബാഗങ്ങൾക്കു നല്കും.അവർക്ക് അതു സൂക്ഷിക്കുകയോ സെമിത്തേരിയിലെ മരങ്ങൾക്കു വളമായിനൽകുകയോ ചെയ്യാം.
പ്രിയപ്പെട്ടവർ മരമാകും
ശവസംസ്കാരങ്ങൾക്ക് ഒരു ബദൽ മാർഗം എന്നതിനൊപ്പം പ്രകൃതിസ്നേഹികളെ ആകർഷിക്കുന്ന രീതി കൂടിയാണ്. മരണംപ്രിയപ്പെട്ടവരെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണ്. എന്നാൽ, ഇതുവഴി പ്രിയപ്പെട്ടവർ മരമായങ്ങനെ നിലകൊള്ളും.
എൻഒആർ നിർവഹിക്കുന്നതിനു ലൈസൻസുളള മൂന്നു കേന്ദ്രങ്ങളാണ് നിലവിൽ വാഷിംഗ്ടണിൽ ഉളളത്. വളരെക്കുറച്ചാളുകൾ മാത്രമേ ഇപ്പോൾ ഇതിനു തയാറായിട്ടുളളുവെങ്കിലും ഭാവിയിലേക്കു മുൻകൂറായി പണമടച്ച 420 പ്രീ കന്പോസ് അംഗങ്ങളുണ്ടെണ് ശ്മശാന അധികൃതർ പറയുന്നത്.