കുമരകം: സിഡ്കോ ഉപേക്ഷിച്ച കുമരകത്തെ സാംസ്കാരിക നിലയത്തിന്റെ നിർമാണം നിർമിതി ഏറ്റെടുത്തു. പണി തുടങ്ങി. ടുറിസം വകുപ്പാണ് സാംസ്കാരിക നിലയം നിർമിക്കുന്നത്. 1.16 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്.
2010ൽ ഭരണാനുമതി ലഭിച്ച് 2011ൽ നിർമ്മാണം ആരംഭിച്ച് 2014ൽ സിഡ്കോ ഉപേക്ഷിച്ച സാംസ്്കാരിക നിലയത്തിന്റെ പുനർനിർമാണത്തിനായി ഒരുകോടി 16 ലക്ഷം രൂപ അനുവദിച്ച് നിർമാണ ചുമതല നിർമിതിക്ക് നൽകിയിരുന്നു. 18 മാസത്തിൽ നിർമാണം പൂർത്തിയാക്കുന്ന വിധത്തിലാണ് കരാർ. കരാർ കാലാവധിയിലെ ഏകദേശം 12 മാസങ്ങളോളം പിന്നിട്ട് നിർമാണം പുനരാരംഭിക്കുന്പോൾ ആറു മാസം കൊണ്ട് സാംസ്കാരിക നിലയം പൂർത്തിയാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ടൂറിസം വകുപ്പ് അധികൃതർ.
സിഡ്കോയ്ക്കായിരുന്നു ആദ്യ കരാർ നൽകിയിരുന്നത്. 70 ലക്ഷം രൂപയുടെ പദ്ധതി 2014 ൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്പോൾ 42 ലക്ഷത്തോളം രൂപ സിഡ്കോയ്ക്ക് നൽകിയതായും ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. ഇരുന്പ് കേഡറുകൾ ഉപയോഗിച്ച് മേൽക്കൂരയ്ക്ക് ആവശ്യമായ ഘടനയുടെ നിർ്മാണം ആരംഭിച്ചങ്കിലും ഇതു പൂർത്തിയാക്കാതെയാണു സിഡ്കോ പദ്ധതി ഉപേക്ഷിച്ചതെന്ന ആക്ഷേപവും നിലനിൽക്കുന്നു.
കുമരകത്തെ കലാസാംസ്കാരിക പാരന്പര്യത്തെ ശക്തിപ്പെടുത്തി ടൂറിസം രംഗത്തു കാതലായ വളർച്ച മുന്നിൽ കണ്ടാണു 2010ൽ സാംസ്കാരിക നിലയം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 1985-1990 ഭരണ കാലയളവിൽ സർക്കാരിന്റെ ഒന്പതിന പരിപാടികളിൽ ലഭിച്ച ഗ്രാന്റ് തുക ഉപയോഗിച്ച് പഞ്ചായത്ത് വാങ്ങിയ 50 സെന്റ് സ്ഥലത്താണ് സാംസ്കാരിക നിലയം നിർമിക്കുന്നത്.
പിന്നിട്ട വർഷങ്ങളിൽ സാംസ്കാരിക നിലയത്തിനോട് ചേർന്ന് 10 ലക്ഷം ഘനയടി ജലം സംഭരിക്കാവുന്ന വാട്ടർ അതോറിറ്റിയുടെ ഓവർഹെഡ് ടാങ്ക്, പഞ്ചായത്ത് ആയുർവേദ – ഹോമിയോ ആശുപത്രി എന്നിവയുടെ നിർമാണം പൂർത്തിയാക്കി പ്രവർത്തനവും ആരംഭിച്ചു.