കുര്യൻ കുമരകം
കുമരകം: രണ്ടേകാൽ കോടി മുടക്കി മനോഹരമായി നിർമിച്ച് ഉദ്ഘാടനംചെയ്ത കുമരകം സാംസ്കാരിക നിലയം ഉടമസ്ഥാവകാശ തർക്കം പരിഹരിക്കാതെ നശിക്കുന്നു.
നാഥനില്ലാക്കളരിയായി മാറിയ സാംസ്ക്കാരികകേന്ദ്രം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ചു ചെടികൾ നട്ടു സൗന്ദര്യവത്കരിച്ച പരിസരങ്ങളിലാകെ പുല്ലു വളർന്ന് കാടു കയറിക്കിടക്കുന്നത് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യ പ്രഥമായ ഇടമായി ഇവിടം മാറാൻ കാരണമായി.
മദ്യക്കുപ്പികളും വെള്ളക്കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നതും ഇവിടെത്തന്നെ.
കഴിഞ്ഞ പഞ്ചായത്തു ഭരണ സമതിയുടെ അന്തിമ കാലഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയതാണ് സാംസ്കാരിക നിലയം. പഞ്ചായത്തുവക സ്ഥലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സർക്കാർ ധനം മുടക്കി നിർമിച്ചതാണ് ഉടമസ്ഥാവകാശ തർക്കത്തിനു കാരണമായത്.
കെട്ടിട നന്പരോ സ്ഥിരം വൈദ്യുതി കണക്ഷനോ നാളിതുവരെ ലഭിച്ചിട്ടില്ല. പരിസരമാകെ വളർന്നു പന്തലിച്ച വള്ളിച്ചെടികൾ ഈ കെട്ടിടത്തിന്റെ മേൽക്കൂര വരെ കീഴടക്കി.
ഇഴ ജന്തുക്കളെ ഭയന്നാണ് സമീപത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രിയിലും ആയുർവേദ ആശുപത്രിയിലും ആളുകൾ എത്തുന്നത്.
നാട്ടുകാർക്ക് ശല്യമാകാതെ സാംസ്കാരിക നിലയത്തെ പരിപാലിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ അഭ്യർഥന.
പഞ്ചായത്തിന്റെ സ്ഥലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിച്ച സാംസ്ക്കാരിക കേന്ദ്രം പഞ്ചായത്തിന്റേതാണ്. ഇവിടം ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ വേണ്ട നടപടികൾ ഒരാഴ്ചക്കുള്ളിൽ കൈക്കൊള്ളും.
കുമരകം പഞ്ചായത്ത് പ്രസിഡന്റ്ധന്യാ സാബു
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ കുമരകത്ത് നിർമിച്ച സാംസ്ക്കാരിക കേന്ദ്രം ടുറിസത്തിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. ഇവിടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ട നടപടികൾ ഡിടിപിസി നടത്തി വരുന്നു.
ഡിടിപിസി ജില്ലാ സെക്രട്ടറി’’