കോട്ടയം: നല്ല ഒരു മൂവ്മെന്റ് സംഭവിക്കുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷം അതു മനസിലാക്കി ക്ലിക്ക് ചെയ്യുന്നതാണ് യഥാർഥ ഫോട്ടോ.
ഫോട്ടോഗ്രാഫി രംഗത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയ്ക്ക് നിരവധി നിമിഷങ്ങളെ ഒപ്പിയെടുത്ത് പാലാക്കാരെ മാത്രമല്ല ലോകത്തെ വിസ്മയിപ്പിച്ച ഫോട്ടോഗ്രാഫറാണ് കെ.വി. ദേവസ്യ എന്ന സാംസണ് പാലാ.
80 വയസിനിടെ ചിത്രമെടുക്കാൻ വേണ്ടി മാത്രം സാംസണ് താണ്ടിയത് 118 രാജ്യങ്ങളാണ്. അതിൽ കൂടുതലും കുരുവികളുടെയും പക്ഷികളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയുമാണ്.
അപൂർവമായി മാത്രം കണ്ടെത്തുന്ന പക്ഷിജന്തു ജാലങ്ങൾ ഉൾപ്പെടെയുള്ളവയുടെ അമൂല്യ ചിത്രസന്പത്ത് സാംസണിന്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.
ഫോട്ടോഗ്രാഫിയിൽ കന്പം തോന്നി 18-ാമത്തെ വയസിലാണ് സാംസണ് പാലാ ടൗണിലെത്തുന്നത്. നിരവധി ചിത്രങ്ങൾ കാമറയിൽ ഒപ്പിയെടുത്തപ്പോൾ സുഹൃത്തുക്കളും മറ്റും തന്റെ ഭാവി ഇതാണെന്നു പറഞ്ഞു.
കൊല്ലപ്പള്ളിയിൽ ഗോൾഡണ്‍ ഫോട്ടോസ് എന്നപേരിൽ സ്റ്റുഡിയോയുമായാണ് തുടക്കം. പിന്നീട് പാലാ ടൗണ്‍ ബസ് സ്റ്റാൻഡിലേക്ക് മാറ്റി.
ആദ്യ കാലത്ത് ദീപിക അടക്കം മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ സാംസണിന്റെ ഫോട്ടോയില്ലാത്ത ദിവസങ്ങളില്ലായിരുന്നു.
ആധുനിക ഗ്രാഫിക്സ്, എഡിറ്റിംഗ് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇവിയെ വെല്ലുന്ന മികവോടെ കല്യാണ ആൽബം തയാറാക്കി സാംസണ് എല്ലാവരെയും വിസ്മയിപ്പിച്ചു.
കേരളത്തിൽ ആദ്യമായി വീഡിയോ ചിത്രീകരണത്തിന് നേതൃത്വം നൽകിയതും സാംസണായിരുന്നു.
അരുവിത്തുറയിൽ നടന്ന ഒരു വിവാഹ ചടങ്ങിലായിരുന്നു വിദേശീയർ ഉൾപ്പടെയുള്ളവർ വീഡിയോ പകർത്താൻ സാംസണ് അവസരമൊരുക്കിയത്.
യാദൃശ്ചികമായി സിലോണിൽ പോകാൻ അവസരം ലഭിച്ചപ്പോൾ പക്ഷികളുടെയും മൃഗങ്ങളുടെയും താഴ്വാരങ്ങളുടെയും കൊടുമുടികളുടെയും ഫോട്ടോകൾ എടുത്തു.
ഇതോടെയാണു വിദേശത്ത് പോയി പക്ഷികളുടെ ഫോട്ടോ എടുക്കുന്നതിൽ കന്പം തോന്നിയത്.
ഇപ്പോൾ സാംസണ് സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. മൗറീഷ്യൻ സഞ്ചാരത്തിനിടെ തനിക്കു ലഭിച്ച ഹണിബേർഡ് എന്ന പക്ഷിയുടെ ഫോട്ടോയാണ് ഏറ്റവും പ്രധാനമായി സാംസണ് കാണുന്നത്. ഫോട്ടോഗ്രാഫിക്കു പുറമേ ചിത്രരചനയിലും സംഗീതരംഗത്തും സാംസണ് പ്രസിദ്ധനാണ്.
ഭാര്യ ഓമനയും മക്കളായ സജി, മെർളി, സൗമ്യ എന്നിവരും സാംസണിനു പിന്തുണയുമായി രംഗത്തുണ്ട്.
തന്റെ ഫോട്ടോഗ്രാഫി ജീവിതവും വിദേശയാത്രയും ഫോട്ടോഷൂട്ടും ഉൾപ്പെടുത്തി ഒരു പാലാക്കാരന്റെ ഓർമ കുറിപ്പുകൾ എന്ന പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
കാമറ കൈയിലെടുക്കാൻ പറ്റുന്നിടത്തോളം കാലം കമനീയ ചിത്രങ്ങൾ പകർത്തണമെന്നാണു തന്റെ ആഗ്രഹമെന്നും സാംസണ് പറയുന്നു.