ഗാലക്സി നോട്ട് 7 ഫോണുകൾ സാംസംഗിന് സമ്മാനിച്ചത് ചില്ലറ ദുരിതങ്ങളല്ല. ഉത്തരകൊറിയയുടെ സാന്പത്തിക മേഖലയെത്തന്നെ പിടിച്ചുലയ്ക്കാൻ നോട്ട് 7 എന്ന ഒറ്റ മോഡലിനായി. നേരിട്ട തിരിച്ചടികളിൽനിന്നും പിടിച്ചുകയറാൻ പുതിയ സ്മാർട്ട് ഫോണുമായി സാംസംഗ് വീണ്ടും വരികയാണ്, എസ്8, എസ് 8 പ്ലസ് എന്നീ മോഡലുകളുമായി. ഇരു മോഡലുകളും കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന ചടങ്ങിൽ കമ്പനി അവതരിപ്പിച്ചു. ലോക ശ്രദ്ധ നേടാൻ കഴിയുന്ന ഒട്ടനവധി ഫീച്ചറുകളുമായാണ് രണ്ടു മോഡലുകളും എത്തുന്നത്. ഒരുപക്ഷേ, സ്മാർട്ട്ഫോൺ രംഗത്ത് പുതുയുഗം പുതിയ ഫോണുകളിലൂടെ പിറക്കും.
ഇതുവരെ സാംസംഗ് നല്കിയിരുന്ന ഹോം കീ ബട്ടൺ പുതിയ മോഡലുകളിൽ നല്കിയിട്ടില്ല. എസ്8ന് 5.8 ഇഞ്ച് ഡിസ്പ്ലേയും എസ്8 പ്ലസിന് 6.2 ഇഞ്ച് ഡിസ്പ്ലേയും നല്കിയിരിക്കുന്നു. ഉപയോക്താക്കൾക്ക് വലിയ സ്ക്രീൻ നല്കാൻവേണ്ടിയാണ് ഹോം കീ ഉപേക്ഷിച്ചിരിക്കുന്നത്.
പ്രവർത്തനം ബിക്സിബിയിലൂടെ
സാംസംഗിന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ഇന്റർഫേസാണ് (കൃത്രിമ ബുദ്ധി) ബിക്സ്ബി. കാമറ, കോണ്ടാക്ട്സ്, ഗാലറി, മെസേജുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ ശബ്ദ നിർദേശത്തിലൂടെ ഓരോ ആപ്ലിക്കേഷനും തെരഞ്ഞെടുക്കാൻ കഴിയും. അതായത് കാമറ ഉപയോഗിച്ച് ഒരു വസ്തുവിന്റെ ചിത്രമെടുത്താൽ അത് എവിടെനിന്ന് ലഭിക്കും എന്ന് ബിക്സ്ബിയോടു ചോദിച്ചാൽ ആ വസ്തുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സെർച്ച് ചെയ്ത് നല്കും.
സുരക്ഷ ഒന്നല്ല മൂന്ന്
മികച്ച സുരക്ഷാസംവിധാനമാണ് രണ്ടു മോഡലിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂന്നു ബയോമെട്രിക് സുരക്ഷാ ഫീച്ചറുകളെന്ന് പറയാം. വിരലടയാളവും ഐറിസ് സ്കാനറും കൂടാതെ ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറും എസ്8 സീരിസിന് കരുത്തുപകരും. ഹോം കീ തെരഞ്ഞെടുത്താൽ ആദ്യം പ്രവർത്തിക്കുന്നത് ഫ്രണ്ട് കാമറയാണ്. ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് വേരിഫൈ ചെയ്താൽ മാത്രമേ ഫോൺ അൺലോക്ക് ആവുകയുള്ളൂ.
എട്ടു മെഗാപിക്സൽ മുൻ കാമറയും 12 മെഗാപിക്സൽ ഡുവൽ പിക്സൽ പിൻകാമറയുമാണ് രണ്ടു മോഡലുകൾക്കുമുള്ളത്.
പുതുതലമുറ സ്മാർട്ട്ഫോണുകളിൽ പിൻകാമറയ്ക്കു താഴെയായി ഫിംഗർപ്രിന്റ് സ്കാനർ ഇടംനേടിയിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനായി കാമറയുടെ വലതുഭാഗത്താണ് എസ്8 സീരിസ് മോഡലുകളിൽ ഫിംഗർപ്രിന്റ് സ്കാനറിന്റെ സ്ഥാനം.
സ്മാർട്ട്ഫോൺ മാത്രമല്ല കംപ്യൂട്ടറുമാണ്
എസ്8/എസ്8 പ്ലസ് മോഡലുകൾ കേവലം ഒരു സ്മാർട്ട്ഫോൺ മാത്രമല്ല, ഡെസ്ക് ടോപ് കംപ്യൂട്ടറുകളായും ഇവ ഉപയോഗിക്കാൻ കഴിയും. ഇതിനു സഹായിക്കുന്നത് സാംസംഗ് ഡെക്സാണ്. വിൻഡോസ് കോണ്ടിയത്തിനു സമാനമായുള്ള പ്രൊഡക്ടിവിറ്റി ടൂളാണിത്. മോണിറ്റർ, കീബോർഡ്, മൗസ് എന്നിവ ഉപയോഗിച്ച് ഫോണിനെ കംപ്യൂട്ടറാക്കാൻ ഡെക്സ് സഹായിക്കുന്നു. ഇങ്ങനെ കംപ്യൂട്ടറായി മാറുന്ന ഫോണിൽ വിവരങ്ങൾ എഡിറ്റ് ചെയ്യാനും സേവ് ചെയ്യാനും കഴിയും, കംപ്യൂട്ടറിന്റെ സിപിയു ആയാണ് എസ്8 സീരിസ് ഫോണുകൾ ഇവിടെ പ്രവർത്തിക്കുക.
അന്പരപ്പിക്കുന്ന വർച്വൽ റിയാലിറ്റി
4കെ 360 ഡിഗ്രി വീഡിയോകളും ഫോട്ടോകളും ചിത്രീകരിക്കാൻ വർച്വൽ റിയാലിറ്റി ഫീച്ചറിനു കഴിയും. ഗിയർ വിആർ എന്ന ഉപകരണം ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചാണ് 360 ഡിഗ്രി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുക.
ഏപ്രിൽ 21 മുതൽ സാംസംഗ് എസ് 8 മോഡലുകൾ ലോകവ്യാപകമായി വിപണിയിലെത്തും. മിഡ്നൈറ്റ് ബ്ലാക്ക്, ഓർക്കിഡ് ഗ്രേ, ആർക്ടിക് സിൽവർ, കോറൽ ബ്ലൂ, മേപ്പിൾ ഗോൾഡ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലെത്തുന്ന ഫോണുകളുടെ വിലവിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഐബി