സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന പ്രധാന ആക്ഷേപങ്ങളിലൊന്നാണ് ഫോണുകള്‍ക്ക് തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും. ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് പേരുദോഷമുണ്ടായ മൊബൈല്‍ നിര്‍മാതാക്കളില്‍ പ്രമുഖരാണ് സാംസങ്. എന്നാല്‍ ഇപ്പോള്‍ സാംസങിന്റെ പുതിയ കണ്ടുപിടിത്തം വ്യാപകമായ പ്രശംസ പിടിച്ചുപറ്റുകയാണ്. തീ കെടുത്താനുള്ള ഉപകരണമാണ് സാംസങ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. മനോഹരമായ പൂപ്പാത്രത്തിന്റെ രൂപത്തിലുള്ള ഒരു ജീവന് രക്ഷാ ഉപകരണമാണ് സാംസങ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള സുന്ദരമായ പൂപാത്രം എന്നേ തോന്നൂ…എന്നാല്‍ ഈ പൂപാത്രത്തെ തീ പടരുന്ന അപകടസമയങ്ങളില്‍ തീ കെടുത്താനായി ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത. തീ കെടുത്തുന്ന ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ പലപ്പോഴും കെട്ടിടത്തിന്റെ ഏതെങ്കിലും മൂലയിലായിരിക്കും ഉണ്ടാവുക. സുന്ദരമായ പൂപ്പാത്രമാകുമ്പോള് ഏത് മുറിയിലും അലങ്കാര വസ്തുവായി വെക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. കൈ എത്തും ദൂരത്തുള്ള ഈ അഗ്നിശമന ഉപകരണത്തിന് അപ്രതീക്ഷിത അപകടങ്ങളില്‍ നിന്നും നിരവധി ജീവനുകളെ രക്ഷിക്കാനുമാകും.
ചില്ല് വെസലിനുള്ളിലെ അറയില്‍ തീ കെടുത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം കാര്‍ബണേറ്റ് സൂക്ഷിച്ചിരിക്കുന്നതാണ് ഉപകരണത്തിന്റെ പ്രധാന സവിശേഷത. തീ പടരുന്ന ഭാഗത്തേക്ക് ഈ പൂപ്പാത്രം എറിഞ്ഞാല്‍ അത് പൊട്ടി ഉള്ളിലെ പൊട്ടാസ്യം കാര്‍ബണേറ്റ് പുറത്തുവന്ന് ഞൊടിയിടകൊണ്ട് തീ കെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ തീ കെടുത്തുന്നതിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടു കഴിഞ്ഞു.
സാംസങ്ങിന് കീഴിലെ ചെയില്‍ വേള്‍ഡ് വെയ്ഡ് എന്ന സ്ഥാപനമാണ് ഈ ഫയര്‍ വെയ്സ് നിര്‍മിച്ചത്. സുന്ദരമായ ജീവന് രക്ഷാ ഉപകരണം ആദ്യമായി ദക്ഷിണകൊറിയയിലാണ് അവതരിപ്പിച്ചത്. സാംസങിന്റെ ഫയര്‍ വെയ്സ് ദക്ഷിണകൊറിയയില്‍ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പൂപ്പാത്രങ്ങള്‍ നിര്‍മിച്ചെങ്കിലും വര്‍ധിച്ച ആവശ്യം പരിഗണിച്ച് സാംസങ്ങിന് ഉല്പാദനം രണ്ട് ലക്ഷമാക്കി ഉയര്‍ത്തേണ്ടി വന്നു. എന്തായാലും സംഭവം ജോറായിട്ടുണ്ടെന്നാണ് സാംസങ് ആരാധകരുടെ പക്ഷം.