ലണ്ടൻ: ഗാലക്സി എസ് 10 സ്മാർട്ഫോണിന്റെ സോഫ്റ്റ്വെയർ തകരാർ ഉടൻ പരിഹരിക്കുമെന്നു സാംസംഗ്. അണ്‍ലോക്ക് ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഫിംഗർ പ്രിന്റ് കൂടാതെ ആർക്കും വിരലമർത്തി ഗാലക്സി എസ് 10 അണ്‍ലോക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്ന പരാതി വ്യാപകമായതോടെയാണു കന്പനിയുടെ പ്രതികരണം.
സോഫ്റ്റ്വേർ അപ്ഡേഷൻ ഉടൻ തയാറാകുമെന്നും ഇതിലൂടെ പ്രശ്നം പരിഹരിക്കാമെന്നുമാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് ഫോണിന്റെ തകരാർ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഭർത്താവിനു തന്റെ ഫോണ്‍ വിരലമർത്തി അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ബ്രിട്ടീഷ് യുവതി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സ്ക്രീൻ കവചമുപയോഗിച്ചിട്ടുള്ള ഫോണുകളിലാണ് ഇത്തരത്തിൽ സാങ്കേതിക പ്രശ്നംമുള്ളതെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.
ഹാക്കിംഗ് ഭീഷണി ഒഴിവാക്കാൻ ദക്ഷിണകൊറിയയിലെ കാകോ ബാങ്ക്, ഗാലക്സി എസ് 10 ഫോണുള്ള തങ്ങളുടെ ഇടപാടുകാരോടു ഫിംഗർ പ്രിന്റ് ലോക്കിനു പകരം നന്പർ ലോക്ക് സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.