കടുത്തുരുത്തി: വിൽപനയ്ക്കായി എത്തിക്കുന്ന മത്സ്യത്തിൽ അപകടകാരിയായ വിഷവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്നറിയാനുള്ള സംവിധാനം കടുത്തുരുത്തിക്ക് സമീപം മുട്ടുചിറയിൽ പ്രവർത്തിക്കുന്ന സമുദ്ര ഫിഷ് മാർട്ടിൽ ഏർപെടുത്തി.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉപഭോക്താക്കൾക്ക് മത്സ്യത്തിൽ അമോണിയ ഉൾപെടെയുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യമാണോ വിൽപന നടത്തുന്നതെന്നറിയാൻ ഒരു കടയിൽ സൗകര്യം ഏർപെടുത്തുന്നതെന്ന് ഉടമകൾ പറയുന്നു.
അമോണിയ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യ വിൽപന സജീവമാണെന്ന പ്രചാരണം ശക്തമായതോടെ മത്സ്യവിൽപന കുത്തനെ ഇടിഞ്ഞിരുന്നു. ഇതേതുടർന്നാണ് കോട്ടയം ജില്ലയിലെ മുട്ടുചിറയിൽ പ്രവർത്തിക്കുന്ന സമുദ്ര ഫിഷ് മാർട്ടിൽ മത്സ്യം പരിശോധിച്ചു വാങ്ങാനുള്ള സൗകര്യം ഉപഭോക്താക്കൾക്കായി ഒരുക്കിയത്.
മത്സ്യത്തിൽ ഫോർമലിനോ, അമോമിയായോ ഉൾപെടെയുള്ള വിഷപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള പേപ്പർ സ്ട്രിപ്പുകളാണ് ഇവിടെ ലഭ്യമാക്കിയത്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഐഎഫ്ടി) നിന്നുമാണ് കടയുടമകളായ ബിജു പോൾ, മാർട്ടിൻ ജോർജ് എന്നിവർ ഈ സൗകര്യം കടയിൽ ലഭ്യമാക്കിയത്. ചെക്ക് ഇൻ ഈറ്റ് എന്ന പേരിൽ പുറത്തിറക്കിയ കിറ്റിൽ 12 പേപ്പർ സ്ട്രിപ്പും രാസലായിനിയും നിറം മാറുന്നത് ഒത്തു നോക്കാനുള്ള കളർ ചാർട്ടും ലഭ്യമാണ്.
ഒരു മാസമാണ് കിറ്റിന്റെ കാലാവധി. കടയിൽ മത്സ്യ വാങ്ങാനെത്തുന്നവർക്ക് നേരിട്ട് പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷം മത്സ്യം വാങ്ങാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സമുദ്ര ഫിഷ് മാർട്ടിൽ മത്സ്യത്തിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെയെന്നറിയാനുള്ള സംവിധാനം എത്തിയതറിഞ്ഞ് ഇതു നേരിട്ട് മനസിലാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ വാർഡ് മെന്പർ ജിൻസി എലിസബത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കടയിലെത്തിയിരുന്നു. ഇവിടെ ഇത്തരം സൗകര്യം ലഭ്യമാക്കിയതോടെ ദൂരെനിന്നു പോലും മത്സ്യം വാങ്ങാൻ ആളുകൾ എത്തിത്തുടങ്ങിയെന്ന് കടയുടെ ഉടമകൾ പറയുന്നു