കരുനാഗപ്പള്ളി : സമുദ്രജല മത്സ്യസമ്പത്തിന് വൻതോതിൽ ശോഷണം നേരിടുന്ന ഈ കാലയളവിൽ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിച്ച് മത്സ്യതൊഴിലാളികളെ സഹായിക്കാൻ ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സമുദ്രജല കൂട് മത്സ്യകൃഷി പദ്ധതിയുടെ പരിശീലന പരിപാടിക്ക് തുടക്കമായി.മത്സ്യോത്പാദനം വർദ്ധിപ്പിക്കുക,മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ മേഖലയിലും അനുബന്ധ മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മത്സ്യത്തൊഴിലാളികളെ സാമൂഹികവും സാമ്പത്തികവുമായി ഉയർത്തികൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് സമുദ്രജല കൂട് മത്സ്യകൃഷി പദ്ധതി.
ഫിഷറീസ് വകുപ്പിന്റെയും നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി ചെന്നൈ (എൻഐഒടി ) യുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സ്യത്തൊഴിലാളികൾക്കായി പരിശീലന പദ്ധതി ഒരുക്കിയത്.സമുദ്രജല കൂട് മത്സ്യകൃഷിയെ സംബന്ധിച്ച് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്. പരിശീലനം നൽകുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലയിലെ സമുദ്രജല കൂട് മത്സ്യകൃഷി പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള മത്സ്യത്തൊഴിലാളി ഗ്രൂപ്പിലെ 40 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം.സമുദ്രജല കൂട് മത്സ്യകൃഷിക്കുള്ള കൂട് നിർമ്മാണം, കൂട് സ്ഥാപിക്കൽ, പരിപാലനം, മത്സ്യകൃഷി രീതികൾ എന്നിവയിൽ സാങ്കേതികവും പ്രായോഗികവുമായ പരിജ്ഞാനം കർഷകരിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ജലകൃഷി വികസന ഏജൻസിയുടെ ആയിരംതെങ്ങിലെ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്നോളജി ഡയറക്ടർ എം എ ആത്മാനന്ദ് ഉദ്ഘാടനം ചെയ്തു.അഡാക്ക് എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് അധ്യക്ഷനായി. ഡോ ജി ഗോപകുമാർ, ഡോ. തിരുനാവുക്കരശ്, ഡോ ജി ധരണി തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.ആർ സന്ധ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.