മാന്നാർ: അച്ചാറിടാൻ മാങ്ങ അരിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്, സാമ്പാറിന് കഷണം നുറുക്കി വൈസ് പ്രസിഡന്റ്, ചോറും കറിയും തയാറാക്കാൻ പഞ്ചായത്തംഗങ്ങളും സന്നദ്ധ പ്രവർത്തകരും തൊഴിലാളികളും.
മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുട്ടേൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലാണ് ജനപ്രതിനിധികൾ പാചകക്കാരായി മാറിയത്.
കോവിഡ് രോഗികളുടെ കുടുംബത്തിനും മറ്റ് സാധുജനങ്ങൾക്കും ഭക്ഷണം ഒരുക്കുന്നതിനായി മേയ് 10നാണ് സമൂഹ അടുക്കള ആരംഭിച്ചത്.
പാചകക്കാരോടൊപ്പം പ്രസിഡന്റ് ടി.വി. രത്നകുമാരിയും വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവരുമാണ് മുന്നിൽനിന്ന് അടുക്കള സജീവമാക്കുന്നത്.
ഇവിടെ തയാറാക്കുന്ന ഭക്ഷണപ്പൊതികൾ സന്നദ്ധ പ്രവർത്തകരാണ് വീടുകളിൽ എത്തിക്കുന്നത്. കോവിഡ് രോഗികൾക്കും ഡോമിസിലിയറി കെയർ സെന്ററിലേക്കുമായി ദിവസവും 300 ലധികം പൊതിച്ചോറുകളാണ് തയ്യാറാക്കുന്നത്.
കൂടാതെ 150 ഓളം ഊണ് 25 രൂപ പ്രകാരം സമൂഹ അടുക്കളയിൽ നിന്നും നൽകുന്നുമുണ്ട്.അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം എന്നീ കറികളാണുള്ളത് .
ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആഴ്ചയിൽ ഇറച്ചിയും മീനും കറികളായി ഭക്ഷണത്തിനോടൊപ്പം നൽകുന്നുണ്ട്. വൈകിട്ട് ചായയോടൊപ്പം ലഘുഭക്ഷണവും രാത്രിയിൽ ചപ്പാത്തിയും മുട്ടക്കറിയുമാണ് ഇവർക്കുള്ള ഭക്ഷണം.
സിഡിഎസ് ചെയർപേഴ്സൺ സുശീല സോമരാജൻ, രാധാ ഗോപി, സുശീല രവി, വിജി സുരേഷ്, മധു, സോമരാജൻ, ഗോപികുട്ടൻ എന്നിവരാണ് ഭക്ഷണ ശാലയിലെ തൊഴിലാളികൾ. ഇവരോടൊപ്പം പഞ്ചായത്ത് ജനപ്രതിനിധികളും സഹായികളായി പങ്കു ചേരുന്നു.