കരുനാഗപ്പള്ളി: സമൂഹ വിവാഹത്തിന് ഓച്ചിറ പടനിലം ഒരുങ്ങി. ഓച്ചിറ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരുസമൂഹ വിവാഹത്തിന് പടനിലം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെചുറ്റുവട്ടമുള്ള 52 കരകളിൽ നിന്നും ഇതിനായി അപേക്ഷകൾ ക്ഷണിച്ചിരുന്നു.അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 33 യുവതികൾക്കാണ് മംഗല്യം.
സെപ്റ്റംബർ 3-നാണ് വിവാഹചടങ്ങുകൾ നടക്കുക. വധൂവരൻമാർക്ക് ക്ഷേത്രഭരണസമിതി 2ലക്ഷം രൂപ വീതം നൽകും അറിയിച്ചു സമൂഹ വിവാഹത്തിന് മുന്നോടിയായി വധൂവരൻമാർക്ക് കൗണ്‍സിലിംഗ് നൽകി. എറണാകുളം മുക്തിഭവൻ കൗണ്‍സിലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊലയാണ് ക്ലാസ് നയിച്ചത്.
ഇവർക്ക് വിവാഹത്തിനണിയാനുള്ള വസ്ത്രങ്ങളും വിതരണം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രഫ:എ.ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ചയോഗത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ വിവാഹപുടവകളുടെ വിതരണം നിർവഹിച്ചു.
നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ചലചിത്രതാരം ആശാശരത് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.വിവാഹ വേദിയിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 5 ലക്ഷം രൂപ കൈമാറുമെന്നും ഭരണസമിതി അറിയിച്ചു.
വസ്ത്ര വിതരണ ചടങ്ങിൽ സെക്രട്ടറി കെ.ഗോപിനാഥൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റഅയ്യാണിക്കൽ മജീദ്, വൈസ്പ്രസിഡന്റ് ആർ.ഡി.പത്മകുമാർ, ഗ്രാമപഞ്ചായത്തംഗം മഞ്ചുപാച്ചൻ, മെഹർഖാൻ എന്നിവരും പ്രസംഗിച്ചു.വിവാഹത്തിനായി കൂറ്റൻ പന്തൽ തന്നെയാണ് പടനിലത്ത് ഉയരുന്നത്.